ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് പോലീസ് ഉദ്യോഗസ്ഥന്‍, യുവതിയുടെ പരാതിയില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (12:40 IST)
പരാതിക്കാരിയായ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പോലീസുകാരനെതിരെ നടപടിയെടുത്തു. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയാണ് എസ്‌ഐക്കെതിരെ നടപടി സ്വീകരിച്ചത്. പരാതി അറിയിക്കുവാനായി ഫോണില്‍ ബന്ധപ്പെട്ടതായിരുന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ വാട്‌സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയച്ചു എന്നതാണ് പരാതി.

എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം ഇതേ സ്റ്റേഷനിലെ തന്നെ വനിതാ എ.എസ്.ഐയെ അറിയിക്കുകയായിരുന്നു യുവതി. യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി. കമ്മീഷണര്‍ എസ് എച്ച് ഒയോടു ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

അന്വേഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ് എച്ച്ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ്ബാബുവിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :