സമരത്തിനു പിന്തുണയുമായെത്തിയ പികെ ശ്രീമതി ടീച്ചര്‍ക്കു നേരെ പ്രതിഷേധം

മൂന്നാര്‍| JOYS JOY| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (16:08 IST)
മൂന്നാറില്‍ തേയില തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായെത്തിയ സി പി എം നേതാവും എം പിയുമായ പി കെ ശ്രീമതി ടീച്ചര്‍ക്കു നേരെ തൊഴിലാളികളുടെ പ്രതിഷേധം. തങ്ങളെ ഇതുവരെ ആരും കാണാന്‍ എത്തിയിട്ടില്ലെന്നും ഇനിയും ആരും വരേണ്ടതില്ലെന്നും സമരക്കാരാര്‍ പറഞ്ഞു. സമരക്കാര്‍ക്കൊപ്പം ഇരിക്കാന്‍ ശ്രമിച്ച നേതാക്കളെ സ്ത്രീ തൊഴിലാളികള്‍ തടഞ്ഞു.

സി പി എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍, എം സി ജോസഫൈന്‍ തുടങ്ങിയ നേതാക്കളും ശ്രീമതി ടീച്ചര്‍ക്കൊപ്പം ഉണ്ടായിരുന്നു.
സ്ത്രീ തൊഴിലാളികള്‍ തടഞ്ഞെങ്കിലും നേതാക്കള്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. സമരക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന ശ്രീമതി ടീച്ചര്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണ് തങ്ങള്‍ വന്നതെന്ന് പറഞ്ഞു.

തൊട്ടുപിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സമരസ്ഥലത്തെത്തി. തൊഴിലാളികള്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചു കൊണ്ടായിരുന്നു കോടിയേരിയുടെ സംസാരം. അതേസമയം, തങ്ങളെ തീവ്രവാദികള്‍ എന്നു വിളിച്ച എസ് രാജേന്ദ്രന്‍ എം എല്‍ എയ്ക്ക് എതിരെ എന്താണ് നിലപാടെന്ന് തൊഴിലാളികള്‍ നേതാക്കളോട് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കോടിയേരിയും ശ്രീമമതി ടീച്ചറും അതിന് മറുപടി നല്കിയില്ല.

തങ്ങളെ തീവ്രവാദികളെന്നു വിളിച്ച എം എല്‍ എ തങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :