മൂന്നാര്‍ സമരം: തൊഴിലാളികള്‍ വിരട്ടിയോടിച്ച രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരത്തിന്

  മൂന്നാര്‍ തോട്ടം തൊഴിലാളി , മൂന്നാര്‍ സമരം , എസ് രാജേന്ദ്രന്‍ , എംഎല്‍എ
മൂന്നാർ| jibin| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (20:52 IST)
മൂന്നാര്‍ തോട്ടം തൊഴിലാളി സമരക്കാര്‍ വിരട്ടിയോടിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംഎല്‍എ നിരാഹാരമിരിക്കുന്നത്. പാർട്ടി തീരുമാനപ്രകാരമാണ് സിപിഎം എംഎൽഎയായ എസ്. രാജേന്ദ്രൻ നിരാഹാരം ഇരിക്കുന്നത്. ഇന്ന് സമരക്കാരുമായി ചർച്ചയ്ക്കെത്തിയ എംഎല്‍എയെ സമരക്കാർ വിരട്ടിയോടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന്റെ ഭാഗമായി എംഎൽഎ നിരാഹാരം അനുഷ്ഠിക്കാൻ തയാറെടുക്കുന്നത്.

സമരം നടത്തുന്നവരെ തമിഴ് തീവ്രവാദികളായി വിശേഷിപ്പിച്ചുവെന്ന് ആരോപിച്ചാണ് ചർച്ചയ്ക്കെത്തിയ എസ്. രാജേന്ദ്രൻ എംഎൽഎയെ സ്ത്രീ തൊഴിലാളികൾ വിരട്ടിയോടിച്ചത്. ഓടി രക്ഷപ്പെട്ട എംഎൽഎയെ സ്ത്രീ തൊഴിലാളികൾ പിന്നാലെയെത്തി ഓടിച്ച് പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. ഇവർക്കൊപ്പം പൊലീസും ഓടി. തുടർന്ന് കൂട്ടത്തോടെ എത്തിയ സ്ത്രീ തൊഴിലാളികൾ റോഡ് ഉപരോധിക്കുകയായിരുന്നു. സമരം തുടങ്ങിയിട്ട് ഏഴു ദിവസമായെങ്കിലും എംഎൽഎ തിരിഞ്ഞു നോക്കിയില്ലെന്നും തൊഴിലാളികൾ ആരോപിച്ചിരുന്നു.

അതേസമയം, സമരം ന്യായമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും സുധീരന്‍ പറഞ്ഞു.

സമരം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. പ്രശ്‌നം ചര്‍ച്ചയിലൂടെ എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കും. നിലവിലെ സാഹചര്യത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരും തൊഴിലാളികളുമായി ഞായറാഴ്‌ച ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാര്‍ ‍സമരത്തെ സര്‍ക്കാര്‍ അതീവ ഗൌരവത്തോടെ കാണുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുവരെ കാണാത്ത സമരരീതിയാണ് മൂന്നാറിലേത്. മൂന്നാര്‍ സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്ന് പരിശോധിച്ച് വരികയാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍, തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ കളക്ടര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കണ്ണൻ ദേവൻ കമ്പനി പ്രതിനിധികളറിയിച്ചു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിന് സമർപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :