വകുപ്പില്‍ കൈ കടത്തുന്നു; ആഭ്യന്തരവകുപ്പിനെതിരെ മന്ത്രിമാര്‍

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 1 ഓഗസ്റ്റ് 2015 (11:09 IST)
തങ്ങളുടെ വകുപ്പില്‍ ആഭ്യന്തരമന്ത്രി കൈ കടത്തുന്നതായി ഘടകകകക്ഷി മന്ത്രിമാര്‍. പൊതുമരാമത്ത് മന്ത്രിയും ജലസേചന വകുപ്പ് മന്ത്രിയുമാണ് ആഭ്യന്തരവകുപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇരുവരും പരാതി അയച്ചു.

അഴിമതിക്കേസിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി കൈക്കൊണ്ടത്. കടലുണ്ടി പാലത്തിന്റെ എട്ടു കോടിയുടെ കരാറില്‍ അഴിമതി കണ്ടെത്തിയിരുന്നു.
സസ്പെന്‍ഷനിലുള്ള ടി ഒ സൂരജ് ആണ് ഒന്നാം പ്രതി,

പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസഫുമാണ് പരാതിക്കാര്‍. ആഭ്യന്തരമന്ത്രി സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും മന്ത്രിമാര്‍ ആരോപിച്ചു. സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ചീഫ് എഞ്ചിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. സസ്പെന്‍ഷന്‍ നടപടി തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞും പി ജെ ജോസഫും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, ആഭ്യന്തരമന്ത്രിക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന സ്വാഭാവിക നടപടിയാണ് സസ്പെന്‍ഷന്‍ എന്ന് കെ പി സി സി വക്താവ് ജോസഫ് വാഴക്കന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :