നാല് വനിത മന്ത്രിമാര്‍ക്ക് സാധ്യത; ചരിത്രം കുറിക്കുമോ ജമീല?

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 3 മെയ് 2021 (16:44 IST)

രണ്ടാം പിണറായി മന്ത്രിസഭയില്‍ നാല് വനിത മന്ത്രിമാര്‍ക്ക് സാധ്യത. കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായി തുടരും. ആറന്‍മുളയില്‍ നിന്നു മത്സരിച്ചു ജയിച്ച വീണ ജോര്‍ജ് മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണ്. ചിലപ്പോള്‍ സ്പീക്കര്‍ പദവിയായിരിക്കും വീണയ്ക്ക് നല്‍കുക. കായംകുളത്തു നിന്നു ജയിച്ച യു.പ്രതിഭയും മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കാം. എന്നാല്‍, പ്രതിഭയ്‌ക്കെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ട്.

കൊയിലാണ്ടിയില്‍ നിന്നു വിജയിച്ച ജമീല കാനത്തില്‍ മന്ത്രിയാകാനും സാധ്യതയുണ്ട്. ജമീല മന്ത്രിയായാല്‍ അതൊരു ചരിത്രമാകും. കേരളത്തില്‍ ആദ്യമായി ഒരു മുസ്ലീം വനിത മന്ത്രി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. കൊയിലാണ്ടിയില്‍ 8,472 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജമീല വിജയിച്ചത്.

സിപിഐയില്‍ നിന്നും ഒരു വനിത മന്ത്രി ഉറപ്പാണ്. ചടയമംഗലത്ത് ജയിച്ച ജെ.ചിഞ്ചുറാണിയോ വൈക്കത്ത് നിന്നു ജയിച്ച സി.കെ.ആശയോ ആയിരിക്കും മന്ത്രിസ്ഥാനത്ത് എത്തുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :