അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ യോഗം; സിപിഎമ്മില്‍ പൊട്ടിത്തെറി, 46പേര്‍ രാജി കത്തുനല്‍കി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (15:10 IST)
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ രാജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ പത്തനംതിട്ടയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേര്‍ നേതൃത്വത്തിന് രാജി കത്തുനല്‍കി. വയനാട് ദുരന്തം കണ്‍മുന്നിലുള്ളപ്പോള്‍ എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.

ക്വാറി തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉള്‍പ്പെടെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ പ്രതിഷേധ യോഗമാണ് റാന്നിയില്‍ നിരവധി തവണ എംഎല്‍എ കൂടിയായിരുന്ന രാജു എബ്രഹാം ഉദ്ഘാടനം ചെയ്തത്. കോന്നിയിലെ പ്രമാടം പഞ്ചായത്തിലെ ആമ്പാടിയിയില്‍ ഗ്രാനൈറ്റ്‌സ് എന്ന ക്വാറി വീണ്ടും തുറക്കണമെന്നും ടിപ്പര്‍, ടോറസ് തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യോഗം. എന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കി ക്വോറി വീണ്ടും തുറക്കരുതെന്ന് കോന്നിയിലെ നാട്ടുകാര്‍ പറയുന്നു.

ക്വാറി തുറക്കുന്നതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുള്ളപ്പോഴാണ് മുന്‍ റാന്നി എംഎല്‍എ കോന്നിയിലെ ക്വാറിക്കായി രംഗത്തെത്തിയത്. രാജു എബ്രഹാം ഉദ്ഘാടകനായി പങ്കെടുത്ത് പരിപാടി നടത്തരുതെന്ന് പ്രമാടത്തെ സിപിഎം പ്രാദേശിക ഘടകങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് കോന്നി ഏരിയ നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. രാജു എബ്രഹാം പങ്കെടുത്ത് പ്രതിഷേധ യോഗം നടന്നു. ഇതോടെയാണ് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 46 പെര്‍ പാര്‍ട്ടി വിടുന്നുവെന്ന രാജി കത്തുനല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :