തന്റെ നിര്‍ദേശം അവഗണിക്കപ്പെട്ടു; കമ്പത്തിന് അനുമതി നല്‍കിയിരുന്നില്ല- ജില്ലാ പൊലീസ് മേധാവിക്കെതിരെ കളക്ടര്‍

വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം പറഞ്ഞിരുന്നതാണ്

പരവൂര്‍ ദുരന്തം , കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ , പൊലീസ്
കൊല്ലം| jibin| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (12:36 IST)
പരവൂര്‍ ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനമോള്‍. പരിമിതമായ സ്ഥലസൌകര്യമുള്ള പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. വെടിക്കെട്ട് നടത്തരുതെന്ന് എഡിഎം പറഞ്ഞിരുന്നതാണ്. വാക്കാല്‍ അനുമതി ലഭിച്ചുവെന്ന ജില്ലാ പൊലീസ് മേധാവി പി പ്രകാശിന്റെ പ്രസ്‌താവന ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

പരിമിതമായ സ്ഥലസൌകര്യമാണ് ഉള്ളതെന്നും അതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വെടിക്കെട്ട് നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട് വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കാട്ടി പൊലീസ് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

എഡിഎം പറഞ്ഞിട്ടും വെടിക്കെട്ട് നടത്തിയതിനെക്കുറിച്ചും വിഷയത്തില്‍ പൊലീസിന്റെ മനം മാറ്റം എങ്ങനെ ഉണ്ടായി എന്നറിയാനും വിശദീകരണം ചോദിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നും ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു.

അതേസമയം, വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 109 ആയി. പരുക്കേറ്റ മുന്നൂറ്റിയമ്പതില്‍ പരം ആളുകളില്‍ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ചികിൽസയിലുളളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല. വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച പതിനാലുപേരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഏറെപ്പേർക്കും 60 ശതമാനത്തിലധികം പൊള്ളല്‍ ഉള്ളതിനാല്‍ ഇവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :