അനു മുരളി|
Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (10:41 IST)
പാലത്തായിൽ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനിയുടെ സഹപാഠി എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം.
പെൺകുട്ടിയുമായി പല സ്ഥലങ്ങളിലും എത്താൻ പോലീസ് ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇത് കുട്ടിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി കുടുംബം ചൂണ്ടിക്കാട്ടി. പൊലീസും പ്രതിയും ഒത്തുകളിക്കുകയാണെന്ന ആരോപണത്തെ ആക്കം കൂട്ടുന്നതാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
സംഭവം വിവാദമായതോടെ ഇന്നലെയാണ് പൊയിലൂരിലുള്ള ഒരു ബന്ധുവിന്‍റെ വീട്ടില്‍ നിന്ന് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17ന് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു. പക്ഷേ, ഇയാളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമായതോടെയാണ് പൊലീസിനു ഇയാളെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.
പത്മരാജനെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാതെ ഇരയായ പെൺകുട്ടിയെ ആവര്‍ത്തിച്ചു ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിച്ചതെന്നായിരുന്നു പരാതി. കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനാണ് നീക്കമെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.