പെരിയാര്‍ തീരത്ത് ജാഗ്രത; പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു

രേണുക വേണു| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:45 IST)

പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തുക. പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറന്തള്ളുന്നത്. ഇതോടെ പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തിത്തുടങ്ങി. പമ്പാനദിയില്‍ പത്ത് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

അതേസമയം, ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ആറുമണിക്ക് തുറന്നുവിട്ട ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കാലടി-ആലുവ ഭാഗത്തെത്തും. പെരിയാറിന്റെ തീരത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്നാണ് വിലയിരുത്തല്‍. 11 മണിയോടെ ഇടുക്കി അണക്കെട്ട് കൂടി തുറന്നാല്‍ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :