അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 30 ഓഗസ്റ്റ് 2022 (21:06 IST)
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ ആറംഗസംഘം അറസ്റ്റിൽ. ഫേസ്ബുക്കിൽ സൗഹൃദം നടിച്ചാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയിരുന്നതെന്ന് സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൗൺ സൗത്ത് പോലീസ് പറയുന്നു.
കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. പാലാ സ്വദേശിയായ ശരത്താണ്
ഹണിട്രാപ്പിൻ്റെ മുഖ്യസൂത്രധാരൻ. ഒരു വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും കൊണ്ടാണ് തട്ടിപ്പ്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കം. മറുപടി ലഭിക്കുന്നതോടെ യുവതിയെ കൊണ്ട് തുടർസന്ദേശം അയപ്പിച്ച് വിശ്വാസം നേടും. തുടർന്നാണ് കെണിയിൽ വീഴ്ത്തുന്നത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ പറ്റിക്കാൻ മാത്രമായി 11 മാസ കരാറിൽ സംഘം പാലക്കാട് വീട് വാടകയ്ക്ക് എടുത്തിരുന്നു. വീട്ടിൽ അമ്മ മാത്രമാണുള്ളതെന്നും ഭർത്താവ് വിദേശത്താണെന്നും വിശ്വസിപ്പിച്ച് ഇയാളെ പാലക്കാടേക്ക് വിളിച്ചുവരുത്തി. ഇവിടെ എത്തിയപ്പോൾ സംഘം വ്യവസായിയിൽ നിന്ന് മാല,ഫോൺ,പണം,എടിഎം കാർഡ്,വാഹനം എന്നിവ തട്ടിയെടുക്കുകയായിരുന്നു.
വ്യവസായി നൽകിയ പരാതിയിൽ പോലീസ് പ്രതികളെ
കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. സൂത്രധാരനായ ശരത്തിൻ്റെ പേരിൽ
മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് ദേവുവും ഗോകുലും. സംഘം സമാനമായ തട്ടിപ്പ് ഇതിന് മുൻപും നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്.