പാലക്കാട് സുവീഷിൻ്റെ കൊലപാതകം, പിന്നിൽ ലഹരിമരുന്നുപയോഗവും വൈരാഗ്യവും, 6 പ്രതികളും അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ഓഗസ്റ്റ് 2022 (11:51 IST)
പാലക്കാട് യാക്കരപ്പുഴയിൽയുവാവിൻ്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി. ഋഷികേശ് (21), കാടങ്കോട് സ്വദേശികളായി എസ്. ഹക്കീം (22), ആർ. അജയ് (21) തിരുനെല്ലായി സ്വദേശി ടി. മദൻ കുമാർ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

വ്യാഴാഴ്ച രാത്രിയാണ് പാലക്കാട് മെഡിക്കൽ കോളേജിന് പുറകുമശത്തായി യാക്കരപ്പുഴയുടെ ചതുപ്പിൽ നിന്ന് യുവാവിൻ്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്.ചിറ്റൂർ ആറാമ്പാടം പരേതനായ സുരേഷിൻ്റെ മകൻ സുവീഷിൻ്റേതാണ് മൃതദേഹം എന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം വിദഗ്ധ പരിശൊധനയ്ക്കായി ഫോറൻസിക്കിന് വിട്ടുനൽകിയിരിക്കുകയാണ്.

സുവീഷിനെ കൊലപ്പെടുത്തി പുഴയുടെ ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സമയത്ത് പ്രതികൾ എല്ലാവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ട സുവീഷ് അടക്കം സംഘത്തിലെ എല്ലാവരും വിവിധ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പ്രതിയോടുള്ള വൈരാഗ്യവുമാണ് സുവീഷിൻ്റെ കൊലപാതകത്തിലേക്കെത്തിച്ചത്.

കൊല്ലപ്പെട്ട സുവീഷ് ഉൾപ്പെടെ സംഘത്തിലെ എല്ലാവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി ലഹരി ഉപയോഗത്തിൻ്റെയും അടിപിടിയുടെയും നിരവധി കേസുകളുണ്ട്. ജോലി ഇല്ലാത്ത യുവാക്കൾ കാർ വാടകയ്ക്ക് എടുത്ത് സ്ഥിരമായി യാത്ര ചെയ്തിരുന്നു. ഇതിന് വേണ്ട വരുമാനം ഇവർക്ക് എവിടുന്നു ലഭിച്ചിരുന്നു, ഇവർ എവിടെയ്ക്കാണ് യാത്ര ചെയ്തിരുന്നത് എന്ന കാര്യങ്ങളിൽ ഇപ്പോഴും ദുരൂഹതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :