തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (07:33 IST)
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം പാകിസ്ഥാന്‍ സൈബര്‍ പോരാളികള്‍ക്ക് കനത്ത തിരിച്ചടിയുമായി മല്ലൂ സൈബര്‍ സോള്‍ജിയേഴ്സ് . കേരളത്തിന്റെ ഒരു സൈറ്റ് ഹാക്ക് ചെയ്തതതിന് പാകിസ്ഥാന്റെ നൂറോളം ഔദ്യോഗിക സൈറ്റുകളാണ് ഇവര്‍ ഹാക്ക് ചെയ്ത് പൊളിച്ചടുക്കിയത്.
ഫെയ്സ്ബുക്ക് പേജിലൂടെ ഹാക്ക് ചെയ്ത കാര്യം ലോകത്തെ അറിയിക്കുകയും ഹാക്ക് ചെയ്യപ്പെട്ട പാകിസ്ഥാൻ വെബ്സൈറ്റുകളുടെ പേരും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ഹാക്ക് ചെയ്ത പാക്ക് വെബ്സൈറ്റുകളിൽ പാക്കിസ്ഥാൻ പതാക കത്തിക്കുന്ന ചിത്രവും ഇന്ത്യൻ സൈബർ ഇടങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഹാക്കർമാരുടെ ശക്തി തിരിച്ചറിയൂ എന്നും എഴുതിയിരിക്കുന്നു.
ഹാക്ക് ചെയ്യപ്പെട്ട പാക്ക് വെബ്സൈറ്റുകളിൽ ചിലത്: //jobz4pakistan.com/ //pakimandi.com/ //www.upr.edu.pk/ //helpinghand.pk/ //www.tradevision.com.pk/ //www.ftpl.com.pk/ //pwtd.org.pk/ //www.solp.pk/.ഓപ്പറേഷൻ പാക്ക് സൈബർ സ്പെയ്സ് എന്നപേരിലാണ് ആക്രമണം തുടങ്ങിയത്.
ഇന്നലെ രാത്രിയാണ് kerala.gov.in എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കർമാരാണ് സൈറ്റിലേക്ക് നുഴഞ്ഞുകയറിയത്. ഇന്ത്യൻ ദേശീയ പതാക കത്തിക്കുന്ന ചിത്രവും പാക്ക് അനുകൂല സന്ദേശവും സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് പാകിസ്ഥാന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തത്. ഇതിനു മുൻപും ഈ സംഘം പാക്കിസ്ഥാൻ സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. മുൻപ് നടൻ മോഹൻലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു മല്ലു സൈബർ സോൾജ്യറിന്റെ മറുപടി. എന്നാല്‍ ആരാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമല്ല.