കറാച്ചി|
VISHNU N L|
Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (10:28 IST)
പാകിസ്ഥാനുമായി ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറിയാല്‍ ഇന്ത്യന്‍ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഇന്ത്യയെ ബഹിഷ്കരിക്കുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹര്യാർഖാൻ ഇന്നലെ പറഞ്ഞത്.
ഡിസംബറില്‍ യുഎഇയിലാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ത്യാ ഗവൺമെന്റിൽ നിന്ന് മറുപടി ലഭിക്കാത്തതിനാല്‍ ബിസിസിഐക്ക് തനിച്ച് തീരുമാനമെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരമ്പരയ്ക്കായി നിരന്തരം ബിസിസിഐയിൽ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കകയാണ്.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള മെല്ലപ്പോക്കില്‍ പ്രകോപിച്ചാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. പരമ്പരയില്‍ നിന്ന്
ഇന്ത്യ പിന്മാറിയേക്കുമെന്നുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ ഐസിസിയുടെ തീരുമാനം നിര്‍ണായകമാകും.