തിരുവനന്തപുരം|
VISHNU N L|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (21:31 IST)
പിസി ജോര്‍ജ് വിഷയത്തില്‍ കെ എം മാണിയുടെ കടുത്ത നിലപാടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴങ്ങി. ഇന്ന് രാത്രി മാണിയും പിസി ജോര്‍ജും മറ്റ് ഘടക കക്ഷികളുമായി മ്യുഖ്യമന്ത്രി നടത്തിയ രണ്ട് മാരത്തണ്‍ ചര്‍ച്ചകളാണ് വിഷയത്തില്‍ ഉമ്മഞ്ചാണ്ടി നടത്തിയത്. എന്നാല്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് മാണിയും ജോര്‍ജും നിലപാടെടുക്കുകയായിരുന്നു.
ഒടുവില്‍ മുന്നണിയിലെ പൊതു മര്യാദ പരിഗണിച്ച് ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പിസി ജോര്‍ജും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ജോര്‍ജിന്റെ നിലപാട് മാറ്റമില്ലെന്നു കണ്ടതോടെ കുഞ്ഞാലിക്കുട്ടിയും, ചെന്നിത്തലയുമായി ഉമ്മന്‍ ചാണ്ടി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. ശേഷം വീണ്ടും ജോര്‍ജിനെ വിളിച്ച് അനുനയ ചര്‍ച്ചകള്‍ തുടങ്ങി.
പിസി ജോര്‍ജിനെക്കൂടി യുഡിഎഫില്‍ ഉള്‍ക്കൊള്ളണമെന്നാണു മുന്നണിയിലെ പൊതുവികാരം. എന്നാല്‍ സമവായ നിര്‍ദേശങ്ങളോടൊന്നും കെ.എം. മാണി അടുത്തില്ല. സരിതയുടേതെന്ന പേരില്‍ പുറത്ത് വന്ന കത്ത് വിഷയത്തില്‍ മാണിയുടെ നിലപാട് കടുപ്പിക്കാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. ജോസ് കെ മാണിയുടെ പേര് കത്തില്‍ ഉണ്ടെന്നും ഇത് പറഞ്ഞതാണ് തന്നൊട് വൈരാഗ്യമുണ്ടാക്കിയതെന്നും പറഞ്ഞത് മാണിയെ പ്രകോപിപ്പിച്ചിരുന്നു.
അതിനു പിന്നാലെ കെ.എം. മാണിയുടെ കളി തന്നോടു വേണ്ടെന്നു പി.സി. ജോര്‍ജ്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാല്‍ എല്ലാ സ്ഥാനവും ത്യജിക്കും. അപ്പനും മകനും മാംസക്കച്ചവടത്തിന്റെ ആളുകളാണെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞതോടെ ഇനി യാതൊരു ചര്‍ച്ചയ്ക്കും ഇല്ല എന്നും നടപടി വേണം എന്ന നിലപാട് മാണി സ്വീകരിക്കുകയായിരുന്നു.
മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാണി കടുത്ത സമ്മര്‍ദമാണ് നടത്തിയത്. ജോര്‍ജിനെ ഒഴിവാക്കിയില്ലെങ്കില്‍ എട്ട് എം എല്‍ എമാരുമായി മുഖ്യമന്ത്രിക്കുമുന്നില്‍ കുത്തിയിരിക്കുമെന്ന് മാണി ഭീഷണിപ്പെടുത്തിയതായാണ് പി സി ജോര്‍ജ് ചര്‍ച്ചകള്‍ക്ക് ശേഷം പുറത്ത് വന്നപ്പോള്‍ പറഞ്ഞത്. മാണിക്ക് പിടിവാശിയാണെന്നും എന്നാല്‍ താന്‍ രാജിവയ്ക്കില്ലെന്നും ജോര്‍ജ് മുഖ്യമന്ത്രിയെ അറിയിച്ചു. തനിക്ക് മാന്യമായി യു ഡി എഫ് തുടരാനാണ് ആഗ്രഹമെന്നും അതിനുള്ള സാഹചര്യം ഒരുക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.