തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദിത്തം തനിക്ക്; ബിജെപി സംസ്ഥാനത്ത് അക്കൌണ്ട് തുറക്കില്ല- മുഖ്യമന്ത്രി

ബിജെപി ഒരു സീറ്റ് പോലും നേടില്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , നിയമസഭാ തെരഞ്ഞെടുപ്പ് , യു ഡി എഫ് , ബിജെപി
പുതുപ്പള്ളി| jibin| Last Updated: തിങ്കള്‍, 16 മെയ് 2016 (12:44 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏതെങ്കിലും വീഴ്‌ചയുണ്ടായാല്‍ യുഡിഎഫിന്റെ ചെയർമാനെന്ന നിലയിൽ മറുപടി പറയേണ്ടത് ഞാൻ തന്നെയാണ്. മുന്നണി ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റ് നേടും. യുഡിഎഫിന്‍റെ ഐക്യമാണ് തന്‍റെ ആത്മവിശ്വാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകളുടെ എണ്ണം പ്രവചിക്കുന്നില്ല. ഐക്യമുന്നണി പരാജയപ്പെട്ടാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ വികസനവും കരുതലും ജനങ്ങള്‍ സ്വീകരിച്ചു. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും മികച്ച വിജയത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കനത്ത മഴയിലും ഉണ്ടാകുന്ന മികച്ച പോളിംഗ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 80 ശതമാനം പോളിംഗ് കടക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി ഒരു സീറ്റ് പോലും നേടില്ല. തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനം മോശമായിരിക്കും. കേരളത്തിലെ ജനങ്ങൾ ബിജെപിക്കൊപ്പം അല്ല. യുഡിഎഫിൻറെ വിജയം കാണുന്നതിനായി രണ്ട് ദിവസം കൂടി കാത്തിരിക്കാൻ ഉമ്മൻചാണ്ടി വിഎസ് അച്യുതാന്ദന്‍ കാത്തിരിക്കണം. ബംഗാളിൽ എണീറ്റ് നിൽക്കാൻ സാധിക്കാത്ത സിപിഎമ്മാണോ കേരളത്തിൽ യുഡിഎഫിനെ നിഷ്കാസിതനാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതുപ്പള്ളി ജോർജിയൻ പബ്ളിക് സ്കൂളിലായിരുന്നു അദ്ദേഹത്തിന് വോട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :