തലശേരി|
Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (19:34 IST)
വൃക്ക തട്ടിപ്പു കേസുകളില്‍ പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് കിണവക്കലിലെ കോട്ടയമ്പോയില്‍ നീര്‍ക്കുന്നുമ്മല്‍ വീട്ടില്‍ സുള്‍ഫിക്കര്‍ എന്ന 41 കാരനെ ചാലക്കുടിയില്‍ നിന്നാണ് പൊലീസ് വലയിലാക്കിയത്. വൃക്ക തട്ടിപ്പിനൊപ്പം നിരവധി സ്വര്‍ണ്ണ തട്ടിപ്പു കേസുകളിലും ഇയാള്‍ പ്രതിയാണ്.
തലശേരിയിലെ സവിത ജുവലറി ഉടമ ദിനേശന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പൊലീസ് സംഘമാണ് സുള്‍ഫിക്കറെ അറസ്റ്റ് ചെയ്തത്. മറ്റൊരു ജുവലറിയിലെ സ്വര്‍ണ്ണ തട്ടിപ്പിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടിയിലെ ഒരു ഫാക്റ്ററിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ഒളിച്ചു കഴിയുകയായിരുന്നു ഇയാള്‍.
കെ.എസ്.ആര്‍.ടിസി ജീവനക്കാരനാണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് ഇയാള്‍ ഉന്നതരെ പരിചയപ്പെടുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ കൂത്തുപറമ്പില്‍ ഭാര്യ വീട്ടിലാണു താമസം. തൃശൂരില്‍ വൃക്ക ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം നല്‍കിയ ആളില്‍ നിന്ന് പണം തട്ടിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയ ശേഷം സുള്‍ഫിക്കര്‍ മുങ്ങുകയാണുണ്ടായത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിരവധി വിസ തട്ടിപ്പു കേസുകളും ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു.