സൗജന്യ ഓണക്കിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; നാളെ മുതല്‍ വിതരണം ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (08:33 IST)
ഈ വര്‍ഷത്തെ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ്
മന്ത്രി ശ്രീ. ജി. ആര്‍. അനിലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഓഗസ്റ്റ് 23, 24 തീയതികളില്‍ AAY (മഞ്ഞ) കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ PHH (പിങ്ക്) കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തിയതികളില്‍ NPS (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തിയതികളില്‍

NPNS (വെള്ള)
കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്.

എല്ലാ റേഷന്‍ കാര്‍ഡുടമകളും അവരവരുടെ റേഷന്‍കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം
കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു.


ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖേന വാതില്‍പ്പടിയായി എത്തിക്കുന്നതാണ്. അതുപോലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :