മണിപ്പൂര്‍ സംഘര്‍ഷം: 18 മലയാളികളെക്കൂടി നാട്ടിലെത്തിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 മെയ് 2023 (19:40 IST)
സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18 മലയാളികളെ കൂടി നോര്‍ക്ക റൂട്ട്‌സ് നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇംഫാലില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മൂന്നു മാസം പ്രായമുളള കുഞ്ഞുള്‍പ്പെടെയുളളവരാണ് തിരിച്ചെത്തിയവര്‍.

തുടര്‍ന്ന് ഇവരെ വാനിലും, കാറിലുമായാണ്
നാട്ടിലെത്തിച്ചത്. മൂന്നു പേര്‍ സ്വന്തംവാഹനത്തിലാണ് ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയത്. ഇംഫാലില്‍ നിന്നുളള വിമാനടിക്കറ്റ് ഉള്‍പ്പെടെയുളളവ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു. മണിപ്പൂരിലെ സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മണിപ്പൂര്‍, ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലെ പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികളാണ് തിരിച്ചെത്തിയവര്‍. ഇന്ന് രാത്രി (മെയ് 10)
ഒന്‍പതരയോടെ 20 വിദ്യാര്‍ത്ഥികള്‍ കൂടി ഇംഫാലില്‍ നിന്നും ചെന്നൈയിലെത്തും.

കഴിഞ്ഞ ദിവസം ഒന്‍പത് വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
ഇംഫാലില്‍ നിന്നും വിമാനമാര്‍ഗ്ഗം ബംഗലൂരുവിലും തുടര്‍ന്ന് ഇവരെ ബസ്സുമാര്‍ഗ്ഗവുമാണ് നാട്ടിലെത്തിച്ചത്. ഇതോടെ നോര്‍ക്ക റൂട്ട്‌സ് വഴി ഇതുവരെ 27 പേര്‍ നാട്ടില്‍ സുരക്ഷിതരായി തിരിച്ചെത്തി.

നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഹെഡ്ഡോഫീസിനു പുറമേ ഡല്‍ഹി, ബംഗളൂരു, ചെന്നൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളെയും മണിപ്പൂരില്‍ നിന്നുളള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ അറിയിക്കാം.
ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :