കോവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഇനി കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല ! പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (15:36 IST)

കോവിഡ് രോഗികളുടെ എണ്ണം കൂടിയാലും കേരളത്തില്‍ വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുത്താല്‍ മതിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

വീണ്ടുമൊരു സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രാദേശിക അടിസ്ഥാനത്തില്‍ തെരുവുകളെ ക്ലസ്റ്ററായി കണക്കാക്കി നിയന്ത്രണം കടുപ്പിക്കാനാണ് ആലോചന. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും വാക്‌സിനേഷന്‍ യജ്ഞം വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തും. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല. കോവിഡ് വ്യാപനം രൂക്ഷമായ തൃശൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :