തിരുവനന്തപുരം|
Last Modified വെള്ളി, 26 ഡിസംബര്‍ 2014 (08:01 IST)
ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു എന്‍ എല്‍ ബാലകൃഷ്‍ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പ്രമോഹരോഗം അധികരിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് ആശുപത്രിയിലായ എന്‍ എല്‍ ബാലകൃഷ്‌ണന്‍ പിന്നീട് അര്‍ബുദ രോഗത്തിന്റെ പിടിയിലമരുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ബാലകൃഷ്ണന്റെ അന്ത്യം.
തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്ത് ജനിച്ച എന്‍ എല്‍ ബാലകൃഷ്‌ണന്‍ 1965ല്‍ മഹാരാജാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് പെയിന്റിംഗില്‍ ഡിപ്ലോമ നേടി. ശരീരഭാരം കൊണ്ടും വേറിട്ട അഭിനയശൈലി കൊണ്ടും സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത നാരായണ്‍ ലക്ഷ്‌മി ബാലകൃഷ്‌ണന്‍ എന്ന എന്‍ എല്‍ ബാലകൃഷ്‌ണന്‍ 162 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. 300 ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ എല്‍ ബാലകൃഷ്‍ണന്‍ 1943ന് തിരുവനന്തപുരം പൗഡിക്കോണത്താണ് ജനിച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്ന് പെയ്‍ന്റിംഗില്‍ ഡിപ്ലോമ നേടി. കേരള കൌമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫറായിട്ടാണ് സിനിമയിലേക്കെത്തിയത്. ജി അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്‍ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍ തുടങ്ങിയ പ്രമുഖരുടെയടക്കം നൂറ്റിയെഴുപതോളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ 'അമ്മാനം കിളി' എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് അഭിനേതാവായത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ജോക്കര്‍, ഓര്‍ക്കാപ്പുറത്ത്, പട്ടണപ്രവേശം തുടങ്ങി ഒട്ടവനവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്‌തു. അരവിന്ദന്റെയും ജോണ്‍ ഏബ്രഹാമിന്റെയും ഉറ്റചങ്ങാതിയായിരുന്ന എന്‍ എല്‍ അടൂര്‍, അരവിന്ദന്‍, പദ്‌മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്ലാക് ആന്റ് വൈറ്റ് എന്ന പേരില്‍ ഒരു പുസ്‍തകവും എന്‍ എല്‍ ബാലകൃഷ്‍ണന്‍ രചിച്ചിട്ടുണ്ട്. മദ്യപാനികളുടെ അവകാശങ്ങള്‍ക്കായി ശബ്‌ദമുയര്‍ത്തിയും നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്‌ഠ കലാകാരന്‍മാര്‍ക്കുളള പുരസ്‌കാരവും 2012ല്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുമെന്നാണ് വിവരം.