നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

സിറ്റിങ് എംഎല്‍എ വി.ശിവന്‍കുട്ടിയെ വീണ്ടും കളത്തിലിറക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു

2026 Election, Nemom, Nemom 2026 Election V Sivankutty, Rajeev Chandrasekhar
Thiruvananthapuram| രേണുക വേണു| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2025 (07:43 IST)
V Sivankutty and Rajeev Chandrasekhar

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രികോണ പോര് നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് നേമം. 2016 ല്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം 2021 ലേക്ക് എത്തിയപ്പോള്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. 2026 ല്‍ ബിജെപി എ ക്ലാസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലമാണ് നേമം.

സിറ്റിങ് എംഎല്‍എ വി.ശിവന്‍കുട്ടിയെ വീണ്ടും കളത്തിലിറക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും നേമം നഷ്ടപ്പെടാതിരിക്കാന്‍ ശിവന്‍കുട്ടിയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. നിലവില്‍ മന്ത്രി കൂടിയായ ശിവന്‍കുട്ടിക്ക് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വീണ്ടും ശിവന്‍കുട്ടി തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലേക്ക് സിപിഎം ജില്ലാ നേതൃത്വം എത്തിയിരിക്കുന്നത്.

ബിജെപിക്കായി നേമത്ത് മത്സരിക്കുക സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആയിരിക്കും. 2021 ല്‍ കുമ്മനം രാജശേഖരന്‍ ആണ് ബിജെപിക്കായി മത്സരിച്ചത്. ഇത്തവണ കുമ്മനം മത്സരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.മുരളീധരന്‍ വരാന്‍ സാധ്യതയില്ല. മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനാണ് പദ്ധതിയിടുന്നത്.

2021 ല്‍ 55,837 വോട്ടുകള്‍ നേടിയാണ് വി.ശിവന്‍കുട്ടി നേമത്ത് ജയിച്ചത്. രണ്ടാമതെത്തിയ കുമ്മനം രാജശേഖരനു 51,888 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ 36,524 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :