നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടല്‍, വിനോദസഞ്ചാരികള്‍ കുടുങ്ങി

നെല്ലിയാമ്പതി, ഉരുള്‍പൊട്ടല്‍, മഴ
നെന്മാറ| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (08:04 IST)

നെന്മാറ- നെല്ലിയാമ്പതി റോഡില്‍ ചെറുനെല്ലി എസ്റ്റേറ്റിനു സമീപം ഉരുള്‍പൊട്ടല്‍. തിങ്കള്‍ രാത്രി 11നാണ് സംഭവം നടന്നത്. ഉരുള്‍പൊട്ടലിനേ തുടര്‍ന്ന് വിനോദസഞ്ചാര മേഖലയായ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. ഇവിടെ എത്തിയ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും വിനോദസഞ്ചാരികളും വഴിയില്‍ കുടുങ്ങി.

രണ്ടുകിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇവിടെനിന്ന് ഒലിച്ചുവന്ന വന്‍പാറക്കഷ്ണങ്ങളും മണ്ണും മരങ്ങളും കുത്തിയൊലിച്ചിറങ്ങി 100 മീറ്ററോളം റോഡ് തകര്‍ന്നു കിടക്കുകയുമാണ്. റോഡിന്റെ മറുവശത്തുള്ള കരിങ്കല്‍ ഭിത്തിയും തകര്‍ന്നു. അര്‍ദ്ധരാത്രിയില്‍ സംഭവം നടന്നതിനാല്‍ അധികം യാത്രക്കാരില്ലാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.

ഉരുള്‍പൊട്ടലിനേ തുടര്‍ന്ന് കേബിളുകള്‍ മുറിഞ്ഞ് പോയതിനാല്‍ ആശയ വിനിമയത്തിനുള്ള വഴികളും അടഞ്ഞ നിലയിലാണ്. രണ്ടുദിവസമായി നെല്ലിയാമ്പതി മലനിരകളില്‍ കനത്ത മഴയാണ് പെയ്തത്. ഉപരിപഠനത്തിനുപോകുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സംഭവത്തേ തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ കുടുങ്ങി.

ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍ എംഎല്‍എ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തകര്‍ന്ന റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ മറുവശത്തെ വനത്തോടുചേര്‍ന്നു താല്‍ക്കാലികമായി സമാന്തര പാതയുണ്ടാക്കാനാണ് നീക്കം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :