ആലപ്പുഴ|
aparna shaji|
Last Updated:
ശനി, 13 ഓഗസ്റ്റ് 2016 (09:27 IST)
ജലോത്സവങ്ങളെയും കളി വള്ളങ്ങളെയും നെഞ്ചിലേറ്റി ജീവിച്ചു മണ്മറഞ്ഞു പോയ ഒരു തലമുറയ്ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അർപ്പിച്ചുകൊണ്ട് ജലരാജാക്കന്മാർ ഇന്ന് ഓളപ്പരപ്പിലെ ഒളിമ്പിക്സ് കളത്തിലിറങ്ങും. 64ആമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഓളപ്പരപ്പിലെ ജലമാമാങ്കത്തിന് ഗവര്‍ണര്‍ പി സദാശിവമാണ് മുഖ്യാതിഥിയായെത്തുക. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ ആരംഭിക്കുമെങ്കിലും പ്രധാന ഇനമായ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം 2 മണിയോടു കൂടിയാണ് തുടങ്ങുക.
ജലാശയങ്ങളുടെ എണ്ണം കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏറ്റവും പ്രധാന ജല വിനോദങ്ങളില്‍ ഒന്നാണ് ജലോല്‍സവം. ജലോത്സവങ്ങളുടെ ലോകത്തേക്ക് ജലോത്സവ പ്രേമികളുടെ വൻ ഒഴുക്ക് തന്നെയായിരിക്കും ഇന്ന്. പ്രദര്‍ശന ഇനത്തില്‍ അഞ്ചും മത്സര ഇനത്തില്‍ 20ഉം ചുണ്ടന്‍ വള്ളങ്ങളാണ് പുന്നമടക്കായലില്‍ തീപാറുന്ന പോരാട്ടം കാഴ്ച വെക്കുക. ജലമേളയുടെ ഭാഗമായി
ആലപ്പുഴ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്.
ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ സഹായമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ 25 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ആകെ രണ്ടേകാല്‍ കോടി രൂപ വരവ് പ്രതീക്ഷിക്കുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ഇത്തവണ അഞ്ചു ലക്ഷം രൂപ ലഭിച്ചു. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും കോംപ്ലിമെന്ററി പാസുകള്‍ ഇല്ല. ഹോണ്ടയുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി 40 ലക്ഷം രൂപ കൂടി ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പത്രസമ്മേളനത്തില്‍ പറഞ്ഞു.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)