നീതി ആയോഗ് ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്; ഏറ്റവും അവസാന സ്ഥാനത്ത് ബിഹാറും യുപിയും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 മെയ് 2023 (15:08 IST)
നീതി ആയോഗിന്റെ 2020- 21 കോവിഡ് വര്‍ഷത്തെ വാര്‍ഷിക ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാം സ്ഥാനവും തമിഴ്നാട്, തെലങ്കാന എന്നിവ രണ്ടും മൂന്നും സ്ഥാാനങ്ങളും നേടി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍
ത്രിപുര ഒന്നാമതെത്തിയപ്പോള്‍ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡല്‍ഹി എറ്റവും അവസാനത്തേക്ക് വീണെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

24 ആരോഗ്യ സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോമ്പോസിറ്റ് സ്‌കോറിങ്ങ് രീതി ഉപയോഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി 2017ലാണ് നീതി ആയോഗ് ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് ഇത് ആരംഭിച്ചത്. നിലവില്‍ അഞ്ചാമത്തെ സൂചികാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ 2022 ഡിസംബറില്‍ പുറത്തു വിടേണ്ട കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി നീതി ആയോഗ് പുറത്തുവിട്ടിട്ടില്ല.

വര്‍ഷാവര്‍ഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് നീതി ആയോഗ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകള്‍ നിശ്ചയിക്കുന്നത്. 19 വലിയസംസ്ഥാനങ്ങള്‍, 8 ചെറിയ സംസ്ഥാനങ്ങള്‍, 8 യൂണിയന്‍ ടെറിട്ടറികള്‍ എന്നിങ്ങനെ തിരിച്ചാണ് റാങ്കുകള്‍ തീരുമാനിക്കുന്നത്. 19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം, തമിഴ്നാട്, തെലങ്കാന എന്നിവ ആദ്യ 3 സ്ഥാനങ്ങള്‍ നേടി. ഉത്തര്‍പ്രദേശും (18) ബിഹാറുമാണ് (19) അവസാന സ്ഥാനങ്ങളില്‍. ചെറിയ സംസ്ഥാനങ്ങളില്‍ ത്രിപുര, സിക്കിം, ഗോവ എന്നിവ ആദ്യ സ്ഥാനത്തെത്തിയപ്പോള്‍ മണിപ്പൂര്‍ അവസാനസ്ഥാനത്തേക്ക് വീണു. യൂണിയന്‍ ടെറിട്ടറികളില്‍ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം. ഡല്‍ഹിയാണ് അവസാനം. മുന്‍ വര്‍ഷങ്ങളില്‍ വന്ന പട്ടികകളിലും കേരളം തന്നെയായിരുന്നു ഒന്നാമത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :