കേട്ട വാർത്തയിൽ കഴമ്പില്ല, മോദിയുടെ സന്ദർശനം ഗുരുവായൂരിലെ വിവാഹങ്ങളെ ബാധിക്കില്ലെന്ന് പോലീസ്

അഭിറാം മനോഹർ| Last Modified വെള്ളി, 12 ജനുവരി 2024 (17:41 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങള്‍ 17ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള വിവാഹചടങ്ങുകളെ ബാധിക്കില്ലെന്ന് പോലീസ്. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പതിനേഴാം തീയ്യതിയിലുള്ള വിവാഹചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടത്തുന്നത് ഒഴിവാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ നാല്‍പ്പത്തോളം വിവാഹസംഘങ്ങളാണ് പോലീസിനെ ബന്ധപ്പെട്ടത്.

പ്രധാനമന്ത്രി പതിനേഴാം തീയ്യതി 8 മണിക്ക് ക്ഷേത്രദര്‍ശനം നടത്തി 8:45ന് സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് 6 മണിമുതല്‍ 9 മണിവരെ ക്ഷേത്രത്തില്‍ കര്‍ശനനിയന്ത്രണമുണ്ടാകും. അന്നേ തീയ്യതി 65 വിവാഹങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇവരുടെ മേല്‍വിലാസമോ ഫോണ്‍ നമ്പറുകളോ ദേവസ്വത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിനെ തുടര്‍ന്ന് 17ന് വിവാഹം ബുക്ക് ചെയ്തവര്‍ ക്ഷേത്രത്തില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. ഇതോടെയാണ് നാല്‍പ്പതോളം സംഘങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടത്. ഇതില്‍ ഒരു സംഘം ഒഴിച്ച് എല്ലാവരും തന്നെ പുലര്‍ച്ചെ 5- 6 വരെയുള്ള സമയത്ത് വിവാഹം നടത്താന്‍ സന്നദ്ധത അറിയിച്ചു. ഒരു സംഘത്തിന് 9:30ന് ശേഷമുള്ള മുഹൂര്‍ത്തം മതിയെന്ന് അറിയിച്ചു. ഒരു വിവാഹസംഘത്തില്‍ 20 പേര്‍ക്കാണ് അനുവാദമുള്ളത്. ഇവര്‍ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡ് കോപ്പിയും നല്‍കി പോലീസില്‍ നിന്നും പാസ് എടുക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :