അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ജനുവരി 2024 (16:07 IST)
പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി പ്രമുഖര്‍. ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍,ജോണ്‍ എബ്രഹാം,ശ്രദ്ധ കപൂര്‍ തുടങ്ങിയവരാണ് സംഭവത്തില്‍ മാലിദ്വീപ് നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി എത്തിയത്.
ഇന്ത്യയില്‍ നിന്നാണ് പരമാവധി വിനോദസഞ്ചാരികള്‍ മാലിദ്വീപില്‍ എത്തുന്നതെന്നും ആ രാജ്യത്തെയാണ് മാലിദ്വീപ് ഇപ്പോള്‍ അപമാനിച്ചിരിക്കുന്നത് എന്നതോര്‍ക്കുമ്പോള്‍ ആശ്ചര്യമാണ് തോന്നുന്നതെന്നും ഈ വിദ്വേഷം നമ്മള്‍ സഹിക്കേണ്ട ആവശ്യമില്ലെന്നും അക്ഷയ് കുമാര്‍ പറയുന്നു. ഞാന്‍ പലതവണ മാലിദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും പുകഴ്ത്തിയിട്ടും ഉണ്ട്. എന്നാല്‍ അന്തസ്സിനാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. ഇന്ത്യന്‍ ദ്വീപുകളില്‍ സഞ്ചരിക്കുന്നതിനും നമ്മുടെ ടൂറിസത്തെ പിന്തുണയ്ക്കാനും നമുക്ക് തീരുമാനിക്കാമെന്ന് അക്ഷയ് കുമാര്‍ എക്‌സില്‍ കുറിച്ചു.
അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ ആതിഥ്യമര്യാദ കാത്തുസൂക്ഷിക്കണമെന്നായിരുന്നു ജോണ്‍ എബ്രഹാമിന്റെ മറുപടി. ലക്ഷദ്വീപിലേക്ക് കൂടുതല്‍ ആളുകള്‍ എത്തണമെന്നും ജോണ്‍ എബ്രഹാം കുറിച്ചു. അതേസമയം ലക്ഷദ്വീപിന്റെ ബീച്ചുകളും തീരപ്രദേശങ്ങളും തന്നെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നതായി ശ്രദ്ധകപൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദീപ് സന്ദര്‍ശനത്തിന് പിന്നാലെ മാലിദ്വീപ് മന്ത്രി അബ്ദുള്ള മഹ്‌സൂം മാജിസ് എക്‌സില്‍ കുറിച്ച പോസ്റ്റാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ലക്ഷദ്വീപിനെ പ്രമോട്ട് ചെയ്യുന്നതോടെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യം വെയ്ക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുകയാണെന്നും മഹ്‌സൂം മാജിസ് എക്‌സില്‍ കുറിച്ചു. മാലിദ്വീപ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി ഇന്ത്യക്കാരാണ് മാലിദ്വീപിലേക്കുള്ള തങ്ങളുടെ യാത്ര റദ്ദാക്കിയതായി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.