മഠത്തില്‍ കന്യാസ്ത്രീയെ മരിച്ച സംഭവം: കൊലപാതകമാണെന്ന് കോട്ടയം എസ് പി

Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (13:34 IST)
പാലായിലെ കന്യസ്ത്രീയുടെ മരണം കൊലപാതകമാണെന്ന് കോട്ടയം എസ് പി സതീഷ് ബിനോ. വിഷയത്തില്‍ പാലാ ഡി വൈ എസ് പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ആയുധമുപയോഗിച്ച് തലയ്ക്കേറ്റ മുറിവാണ് മരണകാരണം.സംഭവ സ്ഥലത്ത് നിന്നും പൊലീസിന് സംശയകരമായ തെളിവുകള്‍ ലഭിച്ചതായാണ് റിപ്പൊര്‍ട്ടുകള്‍.

കോട്ടയം ജില്ലയിലെ പാല കര്‍മ്മലീത്ത മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 69 വയസ്സ് ആയിരുന്നു. കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലയ്ക്കു പിന്നില്‍ മുറിവേറ്റിട്ടുണ്ട്. മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്നു സിസ്റ്റര്‍ അമല. കഴിഞ്ഞ രണ്ടുദിവസമായി പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നു.വ്യാഴാഴ്ച രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് മഠത്തിലെ മറ്റ് അന്തേവാസികള്‍ മുറിയില്‍ എത്തിയപ്പോഴാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ പൂട്ടിയ നിലയിലായിരുന്നില്ല. പൊലീസ് എത്തി മുറി പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :