എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 11 മെയ് 2022 (19:00 IST)
മലപ്പുറം: ഒറ്റമൂലി ചികിത്സാ രീതി തട്ടിയെടുക്കാനായി ഒറ്റമൂലി വൈദ്യനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിൽ എറിഞ്ഞ സംഭവത്തോട് അനുബന്ധിച്ച് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യം അറിയാനാണ് മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ശാബാ ശരീഫ് എന്നയാളെ സംഘം കൊലപ്പെടുത്തിയത്.
നിലമ്പൂരിലെ ഷൈബിൻ അഷ്‌റഫ് എന്ന പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ഷൈബിന്റെ വീട്ടിൽ വച്ച് 2020 ഒക്ടോബറിലായിരുന്നു കൊലപാതകം നടത്തിയത്. രഹസ്യം കണ്ടെത്തുന്നതിനായി ഒരു വർഷത്തോളം വൈദ്യനെ പീഡിപ്പിച്ചിരുന്നു.
എങ്കിലും വൈദ്യൻ രഹസ്യം വെളിപ്പെടുത്തിയില്ല. തുടർന്നാണ് ഇയാളെ കൊലചെയ്തു കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളിയത്. ഒറ്റമൂലി രഹസ്യം കണ്ടെത്തി വ്യാപാരം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി.