ഭാവി ശോഭനമല്ല, കേരളത്തിൽ സ്ഥലത്തിൻ്റെ വില ഇനിയും കുറയും: കാരണങ്ങൾ എണ്ണി പറഞ്ഞ് മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (19:20 IST)
കേരളത്തില്‍ നിലനില്‍ക്കുന്ന പുതിയ ട്രെന്‍ഡ് ഭാവി കേരളത്തിനെ ദോഷകരമായി ബാധിക്കുമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. പണ്ട് കാലത്ത് വിദേശങ്ങളില്‍ പണിയെടുക്കുന്നവര്‍ കേരളത്തില്‍ ധാരാളമായി ഉണ്ടായിരുന്നതിനാല്‍ പണം കേരളത്തിലെത്തില്‍ എത്തിയിരുന്നെങ്കില്‍ ഇന്ന് സ്ഥിതി തിരിച്ചാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ മുരളി തുമ്മാരുകുടി പറയുന്നത്.

വിദേശരാജ്യങ്ങളില്‍ പണിയെടുത്ത് നാട്ടില്‍ വീട് വെച്ച് സ്ഥിരതാമസമാക്കുന്ന രീതിയാണ് പണ്ടുണ്ടായിരുന്നതെങ്കില്‍ നിലവില്‍ വിദേശങ്ങളില്‍ സെറ്റില്‍ ചെയ്യാനാണ് ജനങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും പഠനത്തിനും ഒപ്പം വിദേശങ്ങളില്‍ വീട് വെയ്ക്കുന്നതിനുമായി നാട്ടില്‍ നിന്നും വിദേശരാജ്യങ്ങളിലേക്കാണ് നിലവില്‍ പണം ഒഴുകുന്നതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മുരളി തുമ്മാരുക്കുടി വ്യക്തമാക്കുന്നത്.

മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അമിതാഭ് ബച്ചന്‍ നമ്മളോട് പറയുന്നത്
ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ റോഡിലെങ്ങും 'വിദേശത്തേക്ക്' പണം അയക്കുന്നതിന്റെ പരസ്യങ്ങള്‍ ആണ്. അതും ചെറിയ പരസ്യങ്ങള്‍ അല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാന്‍ഡ് ആയ അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ളവരാണ് പരസ്യത്തില്‍. റോഡു നിറഞ്ഞു നില്‍ക്കുന്ന ബില്‍ബോര്‍ഡുകള്‍.
അറുപത് വര്‍ഷത്തെ ജീവിതത്തില്‍ ഇന്നുവരെ കേരളത്തില്‍ വിദേശത്തേക്ക് പണമയക്കാനുള്ള പരസ്യം കണ്ടിട്ടില്ല. ലോകത്ത് പലയിടത്തുതിന്നും ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഏജന്‍സികളുടെ പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്. അങ്ങനെ വന്ന പണമാണ് കേരള സന്പദ്വ്യവസ്ഥയുടെ നട്ടെല്ലായത്.
ആ കാലം കഴിഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശപണം വന്നിരുന്നത് കേരളത്തിലേക്കാണ്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് മഹാരാഷ്ട്രയാണ്. അമിതാഭ് ബച്ചന്റെ പരസ്യവും ഇതുമായി കൂട്ടിവായിക്കണം.

വിദേശത്ത് ജോലിചെയ്യുന്ന മലയാളികളാണ് ഇതുവരെ കേരളത്തിലേക്ക് പണമയച്ചുകൊണ്ടിരുന്നത്.
ആരാണ് കേരളത്തില്‍ നിന്നും പുറത്തേക്ക് പണമയക്കുന്നത്? പ്രധാനമായും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്ന ഫീസും ജീവിത ചിലവുമാണ്.
കൃത്യമായ കണക്കില്ലെങ്കിലും ഒരു ഊഹം പറയാം.
ഇപ്പോള്‍ കേരളത്തില്‍ നിന്നും പുറത്ത് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും. ഒരു വിദ്യാര്‍ത്ഥിക്ക് മിനിമം വര്‍ഷത്തില്‍ പതിനായിരം ഡോളര്‍ (എട്ടു ലക്ഷം രൂപ) അയക്കുന്നു എന്നുവെച്ചാല്‍ ഒരു ബില്യന്‍ ഡോളറായി, എണ്ണായിരം കോടി രൂപ. ചുമ്മാതല്ല അമിതാഭ് ബച്ചനൊക്കെ മതിലില്‍ കയറുന്നത്! ഇത് ഏറ്റവും ചുരുങ്ങിയ കണക്കാണ്. ഇതിന് പുറമേയാണ് ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും വീടുവാങ്ങാന്‍ നാട്ടിലെ വീടും സ്ഥലവും വിറ്റുള്ള പണം അയക്കുന്നത്. അതെത്രയാണെന്ന് എനിക്ക് ഊഹം പോലുമില്ല.

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വീടു വാങ്ങാന്‍ അനുവാദം കിട്ടുന്നതോടെ, ഇപ്പോള്‍ പഠിക്കാന്‍ പോകുന്ന പതിനായിരങ്ങള്‍ അവിടെ വീടു വാങ്ങാന്‍ ശ്രമിക്കുന്നതോടെ, കൂടുതല്‍ പണം പുറത്തേക്ക് പോകേണ്ടിവരും. ശരാശരി പതിനായിരം ഡോളറില്‍ നിന്നും ഒരു ലക്ഷം ഡോളറായിരിക്കും അത്.
ക്രമേണ ഒരു ബില്യന്‍ പത്തു ബില്യനാകും! സന്‍ജു സാംസണ്‍ മാറി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബില്‍ബോര്‍ഡില്‍ വരും. ഇതിനൊക്കെ നാട്ടിലെ സന്പദ്വ്യവസ്ഥയില്‍
വന്‍ സാന്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സ്ഥലത്തിന്റെ വില കുറയുമെന്ന് ഒരിക്കല്‍ കൂടി പറയാം.
ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ടേ? ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :