ഇടുക്കിയിലും തോട്ടം തൊഴിലാളി സമരം ആരംഭിച്ചു; ബോണസ് കൂട്ടാന്‍ കഴിയില്ലെന്ന് കമ്പനി

മൂന്നാര്‍ സമരം , ഹാരിസണ്‍ മലയാളം കമ്പനി , തോട്ടം തൊഴിലാളി സമരം
ഇടുക്കി| jibin| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (11:40 IST)
മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ അതേരീതിയിലുള്ള സമരം ഇടുക്കിയിലും ആരംഭിച്ചു. ഹാരിസണ്‍ മലയാളം കമ്പനിയിലെ തൊഴിലാളികളാണ് കൂടുതല്‍ ശമ്പളത്തിനും ബോണസിനുമായി സമരത്തിനിറങ്ങിയിരിക്കുന്നത്. 20 ശതമാനം ബോണസ്സിനും 500 രൂപ ദിവസകൂലിയുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സമരം അവസാനിപ്പിക്കാന്‍ ഹാരിസണ്‍ മാനേജ്‌മെന്റ് തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ബോണസ് കൂട്ടാന്‍ കഴിയില്ലെന്ന കമ്പനിയുടെ നിലപാടാണ് ചര്‍ച്ച പരാജയപ്പടാന്‍ കാരണം.

മൂന്നാര്‍ മാതൃകയില്‍ ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ഹാരിസണ്‍ മലയാളം കമ്പനിയില്‍ സമരം ആരംഭിച്ചു. സൂര്യനെല്ലിയിലും പള്ളിവാസിലിലും സമരം ശക്തമായിരിക്കുകയാണ്. കമ്പനിയുടെ സൂര്യനെല്ലിയിലെ ഫാക്റ്ററിക്കു മുന്‍പില്‍ നൂറുകണക്കിന് സ്ത്രീ തൊഴിലാളികളാണ് ചൊവ്വാഴ്‌ച സമരം നടത്തിയത്. ബോണസ്സും വേതന വര്‍ദ്ധനവും മാത്രമല്ല ലയങ്ങളുടെ അറ്റകുറ്റപണി ഉടന്‍ നടത്തുക, തോട്ടത്തിലെ ആശുപത്രിയില്‍ മതിയായ ചികിത്സാ സൌകര്യം നല്‍കുക തുടങ്ങിയവയും തൊഴിലാളികളുടെ ആവശ്യങ്ങളില്‍ പെടുന്നു.

അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിലെ ജീവനക്കാരാണ് സമരം തുടങ്ങിയതെങ്കിലും മറ്റ് ഡിവിഷനുകളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായത്തെി സമരത്തില്‍ പങ്കുചേര്‍ന്നു. അഞ്ഞൂറിലധികം ആളുകള്‍ ഉപരോധത്തില്‍ പങ്കെടുത്തു. മാനേജ്മെന്‍റുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയിട്ടില്ല. ചൊവ്വാഴ്‌ച്ചത്തെ സമരം വൈകിട്ട് ആറിന് അവസാനിച്ചുവെങ്കിലും ഇന്ന് സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഹാരിസണിലെ മുന്ന് ഡിവഷനുകളായ ആനയിറങ്കല്‍, പൂപ്പാറ, പന്നിയാര്‍ എന്നിവടങ്ങളിലാണ് സമരം നടക്കുന്നത്.

സമരത്തില്‍ നിന്ന് അധികൃതരും കമ്പനി മുതലാളിമാരും മുഖം തിരിച്ചാല്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു. പള്ളിവാസലിലെ ടാറ്റ ടീയുടെ ഗ്ളോബല്‍ ബിവറേജസ് ലിമിറ്റഡിലെ പാക്കിങ് സെന്‍ററിലെ തൊഴിലാളികള്‍ ബോണസും എക്സ്ഗ്രേഷ്യയും ആവശ്യപ്പെട്ട് കമ്പനിക്ക് ഡിമാന്‍ഡ് നോട്ടീസ് നല്‍കി. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് സമരം നടത്തുന്നതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :