പാലക്കാട്|
jibin|
Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (15:31 IST)
മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണെന്ന സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയനുകള്‍ സ്വയം വിമര്‍ശനത്തിനു തയാറാകണം. മൂന്നാറിലെ സമരം വിഎസ് അച്യുതാനന്ദന്റെ സമരമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. വിഎസും പാര്‍ട്ടിയും ഒന്നാണെന്നും സമരം സിപിഎം ഏറ്റെടുക്കുമെന്ന് താന്‍ തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്നും കോടിയേരി പറഞ്ഞു.
തോട്ടം തൊഴിലാളികൾ നടത്തിവന്ന സമരത്തിനെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി കെപി സഹദേവന്‍ രംഗത്തെത്തിയിരുന്നു. സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണ്. സമരക്കാര്‍ പറയുന്നത് തങ്ങളെ ആരും സഹായിച്ചിട്ടില്ലാന്നാണ്. എന്നാല്‍ മുഴുവന്‍ സമയവും സമരം നടത്തിയ ഇവര്‍ക്ക് എവിടെ നിന്നാണ് ഭക്ഷണവും വെള്ളവും കിട്ടിയെന്നും സഹദേവന്‍ ചോദിച്ചു.
തമിഴ് തീവ്രവാദ സംഘടനകളാണ് തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചതും സമരത്തിന് നേതൃത്വം വഹിച്ചതും. സമരക്കാര്‍ക്ക് എല്ലാ സമയവും മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് ഒറ്റയ്‌ക്ക് ഇത്രയും വലിയ സമരം നടത്താന്‍ കഴിയില്ലെന്നുമാണ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപി സഹദേവന്‍ വ്യക്തമാക്കിയത്.