ഇടുക്കി|
അഭിറാം മനോഹർ|
Last Modified വെള്ളി, 7 ഓഗസ്റ്റ് 2020 (09:56 IST)
ഇടുക്കി രാജമലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ വൻ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ട്. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീണുവെന്നാണ് സംശയിക്കുന്നത്.20 പേർ മണ്ണിനടിയിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണിത്.രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേ സമയം മണ്ണിടിച്ചിലുണ്ടായതായി സ്ഥിരീകരിക്കുമ്പോളും ദുരന്തത്തിന്റെ വ്യാപ്‌തി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.
പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരാനായിട്ടില്ല.കഴിഞ്ഞ പ്രളയകാലത്ത് തകർന്ന പാലത്തിന്റെ നിർമാണം ഇതുവരെയും പൂർത്തിയായിട്ടില്ല. ഇതോടെ പ്രദേശം ഒറ്റപ്പെട്ടു. വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് എത്തിപെടാനാവാത്ത സ്ഥിതിയാണ്.തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല..