കണ്ണൂർ|
aparna shaji|
Last Modified തിങ്കള്‍, 24 ഏപ്രില്‍ 2017 (07:28 IST)
മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം നിലപാട് വ്യക്തമാക്കിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാന്‍ സി പി ഐ
ആവശ്യപ്പെടും. സംഭവത്തിൽ റവന്യു വകുപ്പ് മന്ത്രിയോടോപ്പം നിൽക്കാതെ റവന്യു പ്രിൻസിപ്പൽ ദേവികുളം സബ് കളക്ടറെ പരോക്ഷമായി വിമർശിച്ചതാണ് സി പി ഐയെ ചൊടിപ്പിച്ചത്.
മൂന്നാര്‍ സംബന്ധിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച്. കുര്യന്‍ സ്വീകരിച്ച നിലപാടാണ് സി പി ഐ യെ ചൊടിപ്പിച്ചത്. ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും സ്വീകരിച്ച നിലപാട് റവന്യൂവകുപ്പിന്റെ മൊത്തത്തിലുള്ള നിലപാടാണെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞില്ല.
മൂന്നാര്‍ പ്രശ്‌നവും അത് മുന്നണിയിലുണ്ടാക്കിയ വിള്ളലും സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ അടുത്തദിവസം ചേരുന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം, കൈയേറ്റമൊഴിപ്പിക്കലുമായി ശക്തമായി മുന്നോട്ട് പോകാൻ റവന്യു മന്ത്രിയ്ക്ക് സി പി ഐ നിർദേശം നൽകിയിരിക്കുകയാണ്.