പാപ്പാത്തിച്ചോലയിലെ പുതിയ മരക്കുരിശ് കാണാതായി; രണ്ട് ജീസസ് പ്രവർത്തകർ പിടിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

പൊലീസ് കുരിശിന് പിന്നാലെ

aparna shaji| Last Modified ശനി, 22 ഏപ്രില്‍ 2017 (09:03 IST)
മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് പുതിയതായി സ്ഥാപിച്ച മരക്കുരിശ് നീക്കം ചെയ്ത സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയില്‍. കല്‍പ്പറ്റ സ്വദേശി രാജുവും, രാജകുമാരി സ്വദേശി സെബാസ്റ്റ്യനുമാണ് പൊലീസിന്റെ പിടിയിലായത്. അതേസമയം, കുരിശ് നീക്കം ചെയ്തത് ഇവരാണെന്ന് വ്യക്തമല്ല.

ഇന്നുപുലര്‍ച്ചെ ശാന്തന്‍പാറ പൊലീസാണ് സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്‍ ടോം സക്കറിയയുടെ ഉടമസ്ഥതയിലുളള പിക്കപ്പ് വാനില്‍ ഇവര്‍ വരുമ്പോള്‍ പിടികൂടിയത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കസ്റ്റ‌ഡിയിൽ എടുത്തത്.വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഭവസ്ഥലത്ത് ഇവരെ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയായിരിക്കാം മരക്കുരിശ് നീക്കം ചെയ്തതെന്നാണ് വിവരങ്ങള്‍. പാപ്പാത്തിച്ചോലയിൽ കയ്യേറ്റഭൂമി ഒഴിപ്പിച്ച സംഭവത്തിൽ വിവാദങ്ങൾ ശക്തമാകുമ്പോഴാണ് മരക്കുരിശ് നീക്കം ചെയ്തത്.

കുരിശ് പൊളിച്ച് മാറ്റിയത് വിവാദമായ സാഹചര്യത്തില്‍ മരക്കുരിശ് സ്ഥാപിച്ചവര്‍ തന്നെയാകാം ഇത് ഒഴിപ്പിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് ഇന്നലെയാണ് പുതിയ മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുരിശ് കാണാതായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :