മുല്ലപ്പെരിയാര്‍: ജലനിരപ്പ് 135 അടിയില്‍, ജനങ്ങള്‍ ആ‍ശങ്കയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് , സുപ്രീംകോടതി , തമിഴ്‌നാട് കേരളം , മേൽനോട്ട സമിതി
കുമളി| jibin| Last Modified ശനി, 21 നവം‌ബര്‍ 2015 (09:21 IST)
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴതുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 135 അടിയിലെത്തി. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ഈ മാസം 30ന് അണക്കെട്ട് സന്ദർശിക്കും. അതേസമയം, ജലനിരപ്പ് ഉയരുന്നതില്‍ ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.

മഴ ശക്തമായതും മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതും കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലനിരപ്പ് കൂടാന്‍ കാരണമായത്. സെക്കൻഡിൽ 500 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇന്നലെ രാവിലെ ആറിന് 133.1 അടിയായിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉച്ചയോടെ 135 അടിയിലെത്തി. തേക്കടിയില്‍ 48.4 മില്ലീമീറ്ററും പെരിയാര്‍ വനമേഖലയില്‍ 55.4 മില്ലീമീറ്ററുമാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. മുല്ലപ്പെരിയാര്‍ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 61 അടി പിന്നിട്ടു.
പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതി അണക്കെട്ട് സന്ദര്‍ശിക്കും. ഈ വര്‍ഷം ജൂണ്‍ 22നാണ് ഉന്നതതല സമിതി ഏറ്റവും ഒടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. കേന്ദ്ര ജലകമ്മിഷൻ അംഗം എൽഎവി നാഥൻ അധ്യക്ഷനായ സമിതിയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും രണ്ടു വീതം പ്രതിനിധികളുണ്ടാകും. അണക്കെട്ടിന്റെ ഷട്ടറുകളുടെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്നു പരിശോധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :