തെരുവുനായ്‌ക്കളെ നിയമാനുസൃതം കൊല്ലാം: സുപ്രീംകോടതി

തെരുവുനായ വിഷയം , സുപ്രീം കോടതി , ഹൈക്കോടതി , തെരുവ് നായ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (13:36 IST)
അപകടകാരികളായ തെരുവുനായ്‌ക്കളെ നിയമാനുസൃതം കൊല്ലാമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
പേ ബാധ പിടിച്ച തെരുവു നായ്‌ക്കളെ കൊല്ലുബോള്‍ മൃഗസംരക്ഷണ നിയമം കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി. അനിമൽ വെൽഫെയർ ബോർഡ് ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അനിമൽ വെൽഫെയർ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഉത്തരവിനെതിരെ സ്റ്റേ ആവശ്യപ്പെടുന്നത് വൈകിപ്പോയന്ന് ചൂണ്ടിക്കാണ്ടിയാണ് കോടതി സ്റ്റേ ആവശ്യം തള്ളിയത്.

കേരള ഹൈക്കോടതിയുടെ ഉത്തരവ്:-

തെരുവ് നായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ പാലിക്കണം. ഇതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മൃഗസംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എംഎം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

തെരുവു നായ്‌ക്കളെ മുഴുവന്‍ കൊല്ലാന്‍ പാടില്ല. എന്നാല്‍ രോഗം ബാധിച്ചവ, മാരകമായ മുറിവേറ്റവ, പേ വിഷബാധ ഏറ്റവയേയും കൊല്ലാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന്റെ മറവില്‍ തെരുവു നായ്‌ക്കളെ മുഴുവന്‍ കൊല്ലാന്‍ പാടില്ല. നായ്ക്കളെ പിടികൂടുമ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളും നിബന്ധനകളും സര്‍ക്കാരും ഈ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

നായ്ക്കളുടെ പ്രജനനം സംബന്ധിച്ച നിയമത്തിലെ ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച നിയമത്തിലെ ഒന്‍പത് മുതല്‍ പത്ത് വരെയുള്ള വകുപ്പുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നായ്ക്കളെ പിടികൂടാനും അവയെ പരിപാലിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. നായ്ക്കളെ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ഉണ്ടാവണം. ഇവയെ പരിപാലിക്കാന്‍ എല്ലാ താലൂക്കുകളിലും ആസ്പത്രികളും ഉണ്ടാവണം- ഉത്തരവില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :