തൊടുപുഴ|
jibin|
Last Updated:
വ്യാഴം, 26 നവംബര്‍ 2015 (09:30 IST)
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിച്ചതോടെ പ്രധാന അണക്കെട്ടിലും ബേബി ഡാമിലും ചോർച്ച രൂക്ഷമായി. മഴ ശക്തമായതും മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതും കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതുമാണ് ജലനിരപ്പ് കൂടാന്‍ കാരണമായത്. സുരക്ഷാ മുൻകരുതലുകൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇന്ന് അടിയന്തര യോഗം ഇന്നു രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
മേഖലയിലെ ജനപ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ബന്ധപ്പെട്ട വകുപ്പ് മേധാവികൾ, ഉപ്പുതറ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, വണ്ടിപ്പെരിയാർ, ഏലപ്പാറ, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ അടിയന്തര യോഗത്തില്‍ പങ്കെടുക്കണമെന്ന്
ജില്ലാ കലക്ടർ വി. രതീശൻ അറിയിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാമിലെ പ്രധാന അണക്കെട്ടിലെ ബ്ലോക്കുകൾക്കിടയിലുമാണ് ശക്തമായ ചോർച്ച കണ്ടെത്തിയത്. പലയിടത്തും വെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോർജ് ദാനിയേലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്. 30ന് എത്തുന്ന മേൽനോട്ടസമിതി അംഗങ്ങളുടെ മുമ്പില്‍ കേരളം ഈ ആവശ്യം ഉന്നയിക്കും. അപകടം ഒഴിവാക്കാൻ സ്പിൽവെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് കുറയ്ക്കണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടു. അതേസമയം, ജലനിരപ്പ് ഉയരുന്നതില്‍ ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.
ജലനിരപ്പ് 138 അടിയോടടുത്തെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ 1925 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. സെക്കൻഡിൽ 500 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാര്‍ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 61 അടി പിന്നിട്ടു.
പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതി അണക്കെട്ട് സന്ദര്‍ശിക്കും. ഈ വര്‍ഷം ജൂണ്‍ 22നാണ് ഉന്നതതല സമിതി ഏറ്റവും ഒടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. കേന്ദ്ര ജലകമ്മിഷൻ അംഗം എൽഎവി നാഥൻ അധ്യക്ഷനായ സമിതിയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും രണ്ടു വീതം പ്രതിനിധികളുണ്ടാകും. അണക്കെട്ടിന്റെ ഷട്ടറുകളുടെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്നു പരിശോധിക്കും.