കാഞ്ഞങ്ങാട്|
VISHNU N L|
Last Modified തിങ്കള്‍, 23 നവംബര്‍ 2015 (12:39 IST)
രാജ്യം മുഴുവനും ചര്‍ച്ച ചെയ്ത വിവാദ വിഷയമായിരുന്നു ഘര്‍ വാപ്പസി അഥവാ സംഘപരിവാറിന്റെ ഹിന്ദുമതത്തിലേക്കുള്ള പുനര്‍ മതപരിവര്‍ത്തനം. അതിന്റെ കാറ്റ് നമ്മുടെ കേരളത്തിലേക്കും വീശി. കേരളത്തില്‍ നൂറുകണക്കിനാളുകള്‍ ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍
പൌരാണിക ഇന്ത്യന്‍ മതമായ ബുദ്ധമതവും രാജ്യത്ത് ഘര്‍വാപ്പസി തുടങ്ങിയതായാണ് വാര്‍ത്തകള്‍.
ഇതിന്റെ കാറ്റ് കേരളത്തില്‍ വീശിത്തുടങ്ങിയെന്നും കേരളത്തില്‍ 1500 പേര്‍ ഇതിനോടകം തന്നെ ബുദ്ധ ധര്‍മ്മം സ്വീകരിച്ചതായും റിപ്പോര്‍ട്ടുകള്‍. ഒരു കാലഘട്ടത്തില്‍ ഏഷ്യയിലേയും ഇന്ത്യയിലേയും പ്രധാനപ്പെട്ട മതമായിരുന്നു ബുദ്ധമതം. കേരളത്തില്‍ പോലും ശങ്കരാചാര്യരുടെ കാലത്ത് വലിയ സ്വാധീന ശക്തിയുള്ള മതമായിരുന്നു അത്.
പഴയ പ്രതാപത്തിലേക്ക് കേരളത്തിലെ ബുദ്ധമതത്തെ വളര്‍ത്താനാണ് ബുദ്ധമതവിശ്വാസികളുടെ ശ്രമം. തിനായാണ് മതപരിവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കാസർഗോഡ് ദളിതരും ദളിത് ക്രൈസ്തവരുമടക്കം ആയിരത്തി അഞ്ഞൂറോളം പേർ ബുദ്ധമതാനുയായികളായി. ബുദ്ധമതത്തിലേക്ക് മാറിയതായി ഗസറ്റ് വിജ്ഞാപനം വന്നശേഷം ആൾ ഇന്ത്യ മൂൽനിവാസി ബഹുജൻ സമാജ് സംഘ് ഇവർക്ക് സർട്ടിഫിക്കറ്റ് നൽകും.
നാഗ്പൂർ ആസ്ഥാനമായുള്ള ആൾ ഇന്ത്യാ മൂൽനിവാസി ബഹുജൻസമാജ് സംഘിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിലാണ് ഇവർ ധർമ്മദീക്ഷ സ്വീകരിച്ചത്. ജാതിവ്യവസ്ഥയ്‌ക്കെതിരെ രചിച്ച പുസ്തകത്തിന്റെ നൂറാംവാർഷികം പ്രമാണിച്ചായിരുന്നു ഈ ചടങ്ങ്.
വരും ദിവസങ്ങളില്‍ കേരളത്തില്‍ പല സ്ഥലത്തും സമാന ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരങ്ങള്‍. ആൾ ഇന്ത്യ മൂൽനിവാസി ബഹുജൻ സമാജ് സംഘ് 20 വര്‍ഷം കൊണ്ട് ഇന്ത്യയെ ബുദ്ധമത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തൊടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിനടുത്ത് ആളുകള്‍ ഇവരുടെ ശ്രമഫലമായി ബുദ്ധമതാനുയായികളായെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ ഫെബ്രുവരിയിൽ യു.പി യിലാണ് കൂട്ടത്തോടെയുള്ള മതപരിവർത്തനചടങ്ങുകൾക്ക് തുടക്കമിട്ടത്. പിന്നീട് ഒഡിഷ, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലായി ഇതിനകം ഒരു ലക്ഷത്തിലേറെ പേർ ബുദ്ധമതത്തിൽ ചേർന്നു. ഏതായാലും സംഘപരിവാറിന്റെ പിന്തുണയൊടെ കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഘര്‍വാപ്പസി നടന്നുകൊണ്ടിരിക്കെയാണ് പുതിയ സംഭവവികാസങ്ങളെന്നതാണ് ശ്രദ്ദേയം.