രേണുക വേണു|
Last Modified ചൊവ്വ, 16 ജൂലൈ 2024 (08:26 IST)
മുഹറം പ്രമാണിച്ചു സംസ്ഥാനത്ത് ഇന്ന് പൊതു അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അതേസമയം നാഷണലൈസ്ഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
ഇസ്ലാമിക് ന്യൂ ഇയര്‍ എന്നാണ് മുഹറം അറിയപ്പെടുന്നത്. പ്രാര്‍ത്ഥനകളുടേയും പരിത്യാഗത്തിന്റേയും മാസമാണ് ഇത്. ഇസ്ലാമിക വിശ്വാസ പ്രകാരം റമസാനിനു ശേഷം ഏറ്റവും പ്രാധാന്യം കൊടുക്കുന്ന മാസമാണ് മുഹറം. ഇസ്ലാമിക നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്നാണ് മുഹറം.
മുഹമ്മദ് നബിയുടെ ചെറുമകനായ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിക്കുന്നത് ഈ മാസത്തിലാണ്. കൂടാതെ പത്തോളം പ്രവാചകന്മാരെ പല പ്രതിസന്ധികളില്‍ നിന്ന് ദൈവം രക്ഷിച്ച മാസം എന്ന പ്രത്യേകതയും ഉണ്ട്. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തില്‍ ആണ് വെളിപ്പെടുന്നത്. മുഹറത്തിലെ ഏറ്റവും പരിശുദ്ധമായ രണ്ട് ദിനങ്ങളാണ് മുഹറം 9, 10. താസൂആ, ആശൂറാ എന്നാണ് ഈ ദിവസങ്ങളെ വിളിക്കുന്നത്. വളരെ പവിത്രമായ ഈ രണ്ട് ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തും.