റിയാസിന്റെ മന്ത്രിസ്ഥാനം; തീരുമാനത്തിലെത്തിയത് ഇങ്ങനെ

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 19 മെയ് 2021 (16:55 IST)

രണ്ടാം പിണറായി സര്‍ക്കാരില്‍ സുപ്രധാന ചുമതലകളാണ് മുഹമ്മദ് റിയാസ് വഹിക്കാന്‍ പോകുന്നത്. ഈ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമനാണ് മുഹമ്മദ് റിയാസ്. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി വീണ ജോര്‍ജ് ആയിരിക്കും.

മുഹമ്മദ് റിയാസിനെ മന്ത്രിയാക്കുന്നതു സംബന്ധിച്ച് രണ്ട് ഘട്ട ചര്‍ച്ചകളാണ് സിപിഎമ്മില്‍ നടന്നത്. ഡിവൈഎഫ്‌ഐയില്‍ നിന്ന് ഒരു മന്ത്രി വേണമെന്ന് സിപിഎം നേരത്തെ നിലപാടെടുത്തിരുന്നു. മുഹമ്മദ് റിയാസിനും എ.എന്‍.ഷംസീറിനുമായിരുന്നു സാധ്യത. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ കൂടിയായതുകൊണ്ട് മുഹമ്മദ് റിയാസിനു തന്നെയായിരുന്നു സാധ്യത കൂടുതല്‍. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും വകുപ്പ് വിഭജനത്തിലും നിര്‍ണായക തീരുമാനങ്ങളെടുത്തത് കോടിയേരി ബാലകൃഷ്ണനാണ്. റിയാസ് മന്ത്രിയാകണമെന്ന് കോടിയേരിയടക്കമുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍, തന്റെ മകളുടെ ഭര്‍ത്താവാണെന്നത് റിയാസിനെതിരെ പ്രചാരണങ്ങള്‍ക്ക് കാരണമാകുമെന്നും എതിരാളികള്‍ അതിനെ ആയുധമാക്കുമെന്നും പിണറായി അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു പ്രചാരണത്തിനു സാധ്യതയുണ്ടെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മറ്റ് പിബി അംഗങ്ങളും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കോടിയേരിയുടെ നിലപാടാണ് റിയാസിന് ഗുണമായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :