മലപ്പുറത്ത് ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം; മുലപ്പാൽ കുടിച്ച് കൊണ്ടിരുന്ന കുഞ്ഞിനും പരിക്ക്

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 15 നവം‌ബര്‍ 2019 (16:43 IST)
മലപ്പുറത്ത് ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം. പത്തു മാസം പ്രായമുള്ള കുഞ്ഞുമായി ബന്ധുവീട്ടില്‍ നിന്നു മടങ്ങിയ ദമ്പതികളാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. തിരുന്നാവായ സൗത്ത്‌ പല്ലാറ്റിലെ കറുത്തേരിയിലാണു സംഭവം.

തിരൂര്‍ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കല്‍ ജംഷീര്‍, ഭാര്യ സഫിയ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇരുവരും കുഞ്ഞുമൊത്ത് ബന്ധുവീട്ടിൽ നിന്നും മടങ്ങുകയായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു മടക്കം.

എന്നാൽ, പകുതി വഴിക്കെത്തിയപ്പോൾ കുഞ്ഞ്‌ വിശന്നു കരഞ്ഞപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട ശേഷം മുലപ്പാല്‍ നല്‍കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ സംഘമാണ്‌ ആക്രമിച്ചത്‌. ഭാര്യയും കുഞ്ഞുമാണ്‌ ഓട്ടോയിലുള്ളതെന്നു പറഞ്ഞിട്ടും വകവെച്ചില്ലെന്നും ക്രൂരമായി ആക്രമിച്ചെന്നും ജംഷീര്‍ പറഞ്ഞു. പിടിവലിക്കിടെ കുഞ്ഞിനും പരിക്കേറ്റു. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്പതികളെ രക്ഷിച്ചത്.

ഡിസ്‌കോ സിദ്ധീഖ്‌ എന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമിച്ചതെന്നു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പൊലീസ്‌ കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :