തിരുവനന്തപുരം|
VISHNU.NL|
Last Modified ശനി, 23 ഓഗസ്റ്റ് 2014 (11:20 IST)
കേരളത്തിന്റെ ഖജനാവില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഓണക്കാലത്തെ ചെലവുകള്‍ക്കായി കേരളം പൊതുവിപണിയില്‍ നിന്ന് 1000 കോടി രൂപ കടമെടുക്കാനൊരുങ്ങുന്നു. ഈ മാസം ഇത് രണ്ടാം തവനയാണ് കേരളം ഇതേപോലെ കടമെടുക്കുന്നത്. ആഗസ്ത് രണ്ടാംവാരം 700 കോടിരൂപ കടമെടുത്തിരുന്നു.
ഓണത്തിനു ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും ഉത്സവബത്തയും ബോണസും ഓണച്ചന്തകളും എല്ലാം ചേര്‍ത്ത് 4900 കോടിരൂപയുടെ ചെലവാണ് സര്‍ക്കാര്‍ നേരിടാന്‍ പൊകുന്നത്. ഇതിലേക്ക് ആവശ്യമായ പണംസ്വരൂപിക്കുന്നതിനായാണ് സര്‍ക്കാര്‍ പൊതുവിപണിയേ ആശ്രയിക്കുന്നത്. ആയിരംകോടി ഈ മാസം കടമെടുക്കാന്‍ നേരത്തേ കേന്ദ്രത്തില്‍നിന്ന് കേരളത്തിന് അനുമതി ലഭിച്ചിരുന്നു.
ഇതിനായി ധനവകുപ്പ് കടപ്പത്രം പുറപ്പെടുവിച്ചു. കിട്ടിയിരുന്നു. ഈ കടപ്പത്രത്തിന്റെ ലേലം 26ന് മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടക്കും. ഇക്കൊല്ലം ഇതുവരെ പൊതുവിപണിയില്‍ നിന്നു കടപ്പത്രം വിറ്റ് 5400 കോടി സ്വരൂപിച്ചു കഴിഞ്ഞു. ഓണത്തിന് 1000 കോടി കൂടി എടുക്കുമ്പോള്‍ 6400 കോടിയാവും. വര്‍ഷം 13500 കോടിയാണ് ഈ വകയില്‍ ആകെ എടുക്കാന്‍ ആസൂത്രണ കമ്മിഷന്‍ അനുവദിച്ചിട്ടുള്ളത്. അതിന്റെ പകുതിയോളം ഓണത്തിനു തന്നെ കഴിയുകയാണ്.
ഓണം സെപ്റ്റംബര്‍ ആദ്യവാരമായതിനാല്‍ രണ്ടു ശമ്പളം കൊടുക്കേണ്ട എന്ന ആശ്വാസം സര്‍ക്കാരിനുണ്ട്. രണ്ടു ശമ്പളം കൊടുക്കുന്നതു മാസം പകുതി കഴിഞ്ഞ് ഓണം വരുമ്പോഴാണ്. രണ്ടു ശമ്പളത്തിന്റെയും പെന്‍ഷനുകളുടെയും ബാധ്യത വന്നിരുന്നെങ്കില്‍ കേന്ദ്രം നല്‍കുന്ന നിത്യനിദാന ചെലവില്‍ അഡ്വാന്‍സ് എടുക്കേണ്ടി വന്നേനെ. പരമാവധി 550 കോടിയാണ് ഇങ്ങനെ മുന്‍പറ്റായി എടുക്കാവുന്നത്.