1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mohanlal praises Pinarayi Vijayan

ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക് കീഴിൽ നമ്മൾ സുരക്ഷിതരാണ്, ഈ യുദ്ധം നമുക്ക് ജയിച്ചേ പറ്റൂ: മോഹൻലാൽ

വാർത്ത
കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് മോഹൻലാൽ. മനുഷ്യൻ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തു മൃഗങ്ങൾക്കും തെരുവ് നായ്ക്കൾക്കും പോലും കരുതൽ നൽകാൻ മുഖ്യമന്ത്രി തയ്യാറാവുകയാണ് എന്ന് മോഹൻലാൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.  
 
'മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ, തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ, ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ, അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!
 
നമ്മൾ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാകവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു. 
 
അരുത്, അവരും നമ്മെ പോലെ മനുഷ്യരാണ്. അവർക്കും ഒരു കുടുംബമുണ്ട്. അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ.
ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു.' മോഹൻലാൽ കുറിച്ചു
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
കമൽഹാസന്റെ വീടിന് മുന്നിൽ ക്വറന്റീൻ സ്റ്റിക്കർ, അബദ്ധം പറ്റിയതെന്ന് ചെന്നൈ കോർപ്പറേഷൻ