ചാനൽ ചർച്ചയ്ക്കിടെ മാസ്‌ക് ഉപയോഗിച്ച് മുഖം തുടച്ചു, വിമർശനം: ഖേദം പ്രകടിപ്പിച്ച് എംഎൽഎ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂലൈ 2021 (13:07 IST)
ചാനൽ ചർച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ച സംഭവത്തിൽ ഖേദപ്രകടനം നടത്തിൽ പിപി ചിത്തരഞ്ജൻ എംഎൽഎ. എംഎൽഎയുടെ പ്രവർത്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നതോടെയാണ് ഖേദപ്രകടനം. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ മാസ്‌ക് കൊണ്ട് മുഖം തുടക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് തനിക്ക് പറ്റിയ തെറ്റായിരുന്നു ചിത്തരഞ്ജൻ ഫേസ്ബുക്കിൽ കുറിച്ചു.

ചിത്തരഞ്ജൻ എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ

നിർവ്യാജം ഖേദിക്കുന്നു..
ബഹുമാന്യരേ,
കഴിഞ്ഞദിവസം മീഡിയവൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ മാസ്ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാൻ അന്ന് വെച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയാവൺ സ്റ്റുഡിയോയിലായിരുന്നു ചാനൽ ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്.

ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു. ചർച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന N95 വെള്ള മാസ്ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്.

അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്. എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ എനിക്ക് ഖേദമുണ്ട്. എന്നിൽ നിന്നും ഇത്തരം വീഴ്ചകൾ

തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മേലിൽ ഇത് അവർത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും ഞാൻ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
-പി പി ചിത്തരഞ്ജൻ എംഎൽഎ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :