പാലക്കാടുള്ളയാൾ കൊല്ലം എംഎൽഎ‌‌യെ എന്തിന് വിളിക്കണം, വിദ്യാർത്ഥിയോട് കയർത്ത് മുകേഷ്

അഭിറാം മനോഹർ| Last Modified ഞായര്‍, 4 ജൂലൈ 2021 (14:51 IST)
മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാൻ ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് കയർത്ത് മുകേഷ് എംഎൽഎ. പാലക്കാട് നിന്നാണ് കോൾ വിളിക്കുന്നതെന്ന് പറയുന്ന വിദ്യാർത്ഥിയോട് പാലക്കാട് ജീവനോടെയിരിക്കുമ്പോൾ എന്നെയാണോ വിളിക്കേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷ് ചൂടാവുന്നത്. സംഭവത്തിന്റെ വോയ്‌സ് റെക്കോർഡിംഗ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനമാണ് മുകേഷിനെതിരെ ഉയരുന്നത്.

ഒരു മീറ്റിങ്ങിൽ ഇരുക്കുമ്പോൾ ആറ് പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാൽ എന്ന് പറഞ്ഞ് കൊണ്ട് നീരസം വ്യക്തമാക്കികൊണ്ടാണ് മുകേഷിന്റെ സംസാരം. പാലക്കാട് നിന്നുള്ള കോൾ ആണെന്ന് പറയുമ്പോൾ പാലക്കാടു നിന്നും കൊല്ലം എം.എൽ.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എൽ.എയെ അല്ലെ വിളിച്ച് പറയേണ്ടതെന്നും മുകേഷ് പറയുന്നു.
താൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് കുട്ടി അറിയിക്കുമ്പോൾ വിദ്യാർത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എൽ.എ എന്നൊരാൾ ജീവനോടെ ഇല്ലേ എന്നാണ് മുകേഷിന്റെ മറുചോദ്യം.

കൂട്ടുകാരൻ നമ്പർ തന്നാണ് വിളിച്ചതെന്ന് കുട്ടി പറയുന്നു. സ്വന്തം മണ്ഡലത്തിലെ എം.എൽ.എയുടെ നമ്പർ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയിൽ ഉള്ള എം.എൽ.എ യുടെ നമ്പർ തരുന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണമെന്ന് മുകേഷ് പറയുന്നു. ഒന്ന് വിളിച്ചുനോക്കാൻ കൂട്ടുക്കാരൻ പറഞ്ഞെന്ന് വിദ്യാർത്ഥി പറയുമ്പോൾ വേണ്ട എന്ന് ഉറച്ച സ്വരത്തിൽ മുകേഷ് പറയുന്നു.

സ്വന്തം എംഎൽഎ ആരെന്ന് അറിയാത്ത പത്താം ക്ലാസ് പഠിക്കുന്ന നീ എന്റെ മുമ്പിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെയെന്നും പാലക്കാട് എവിടെയാണ് വീടെന്നും ചോദിച്ച് കുട്ടിയെ ഫോണിലൂടെ
ശകാരിക്കുന്നതും ഓഡിയോയിൽ കേൾക്കാം. സംഭവം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വലിയ വിമർശനമാണ് മുകേഷിനെതിരെ ഉയരുന്നത്.

മുകേഷ് ഒരു ജനപ്രതിനിധിയാണെന്നും ചെറിയ കുട്ടിക‌ളോട് പോലും നല്ല രീതിയിൽ സംസാരിക്കാൻ സാധിക്കാത്തത് എംഎൽഎ സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിക്ക് ചേർന്നതല്ലെന്നും പലരും കമന്റ് ചെയ്‌തിട്ടുണ്ട്. കുട്ടിയോട് ഫോണിൽ കയർത്ത മുകേഷ് ഒരു പ്രാവശ്യം പോലും എന്തിനാണ് വിളിക്കുന്നതെന്ന് ചോദിച്ചില്ലെന്നതും ചിലർ ചൂണ്ടികാണിക്കു‌ന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :