എംഎൽഎ നിയമസഭയിൽ വെടിവെച്ചാലും പരിരക്ഷയുണ്ടോ? കേസിൽ എന്ത് പൊതു‌താൽപ്പര്യം? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം‌കോടതി

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂലൈ 2021 (12:33 IST)
നിയമസഭാ കയ്യാങ്കളിക്കേസ് പരിഗണിക്കവെ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഒരു നിയമസഭയ്ക്കകത്ത് തോക്ക് ഉപയോഗിച്ചാൽ നിയമസഭയാണോ നടപടി എടുക്കേണ്ടത്? ആ എംഎൽഎയ്‌ക്ക് നിയമപരിരക്ഷ ലഭിക്കുമോ? ഒരു എംഎൽഎ നിയമസഭയിൽ വെടിവെച്ചാൽ നടപടി എടുത്താൽ മതിയോ? ജസ്റ്റിസ് ഡിവൈ‌ ചന്ദ്രചൂഡ് ചോദിച്ചു.

എംഎൽഎ‌മാർക്ക് അഭിപ്രായസ്വാതന്ത്രത്തിനുള്ള അവകാശം ഉണ്ടെന്നുള്ളത് ശരി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എങ്കിലും ആരെങ്കിലും കോടതിയിലെ വസ്‌തുവകകൾ അടിച്ചുതകർ‌ക്കാറുണ്ടോ? ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. എംഎൽഎ‌മാർക്ക് നിയമസഭയിൽ പരിരക്ഷയുണ്ടെന്ന സർക്കാർ വാദത്തിലായിരുന്നു കോടതിയുടെ വിമർശനം. സഭയിലെ സംഘർഷം പൊതുതാൽപ്പര്യത്തിന് നിരക്കുന്നതല്ലെന്നും സർക്കാർ അഭിഭാഷകർ വാദിക്കരുതെന്നും കോടതി താക്കീത് ചെയ്തു.

അതേസമയം കെഎം മാണി അഴിമതിക്കാരനാണെന്ന സർക്കാർ വാദം സുപ്രീം കോടതിയിൽ സംസ്ഥാനസർക്കാർ തിരുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :