രേണുക വേണു|
Last Modified ബുധന്‍, 28 ജനുവരി 2026 (13:04 IST)
പൊന്നാനിയിലേയും കുറ്റിച്ചിറയിലെയും പള്ളികളുടെ ഉൾവശം കാണാൻ കേരളത്തിലെ സ്ത്രീകൾ ബഹിരാകാശം വരെ പോയിട്ടു വരേണ്ടതുണ്ടോ എന്ന് എഴുത്തുകാരി ഫർസാന അലി. ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്
കുറ്റിച്ചിറ മിശ്കാൽ പള്ളി സന്ദർശിച്ചതിന് പിന്നാലെയാണ് ഫർസാനയുടെ വിമർശനം. സ്വന്തം സമുദായത്തിലെ സ്ത്രീകളെ കണ്ടാൽ അകത്തേക്ക് കയറ്റാതെ ഉറഞ്ഞുതുള്ളുന്ന പുരോഹിതർ സുനിതാ വില്യംസിനെ കണ്ടപ്പോൾ കവാത്ത് മറന്നതെന്താണെന്ന് ഫർസാന ചോദിച്ചു. ഫർസാനക്കു പുറമേ നിരവധി സ്ത്രീ ഗവേഷകരാണ് വിമർശനവുമായി രംഗത്തെത്തിയിക്കുന്നത്.
"ചരിത്രപ്രധാനമായ മുസ്ലിം പള്ളികളിലേക്ക് സ്ത്രീകളുടെ- പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ-പ്രവേശനം തടയുന്നതിനെക്കുറിച്ച് പലവട്ടം ഇവിടെ എഴുതിയതാണ്. മിശ്കാൽ പള്ളിയുടെ അകം കാണണമെന്ന ആഗ്രഹത്തിൽ അവിടേയ്ക്ക് ഒരിക്കൽ പോയിരുന്നു. അനുവദിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. തർക്കിക്കാനോ വാദിക്കാനോ നിൽക്കാതെ പുറമെ നിന്നുള്ള ഭംഗി ആസ്വദിച്ച് മടങ്ങിപ്പോന്നു.
ഇപ്പോഴിതാ, കോഴിക്കോട്ടേക്കുവന്ന സുനിതാ വില്യംസ് മിശ്കാൽ പള്ളിയ്ക്കകം കണ്ടെന്നുള്ള വാർത്തകൾ വരുന്നു. സ്വന്തം സമുദായത്തിലെ സ്ത്രീകളെ കണ്ടാൽ, അകത്തേക്ക് കയറ്റാതെ ഉറഞ്ഞുതുള്ളുന്ന പുരോഹിതർ, പക്ഷെ സുനിതാ വില്ല്യംസിനെ കണ്ടപ്പോൾ കവാത്ത് മറന്നതെന്താണ്?
ഇനിയിപ്പോൾ, പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും ഒക്കെ പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകൾ ബഹിരാകാശം വരെ പോയിട്ട് വരേണ്ടതായുണ്ടോ ആവോ"- ഫർസാന ചോദിച്ചു.
ഹെറിറ്റേജ് വാക്ക് നടത്തുമ്പോൾ സ്ത്രീകളെ പുറത്തുനിർത്തുന്നത് വിഷമകരമായ സംഭവമാണെന്നാണ് യുവ എഴുത്തുകാരി ഹന്ന മേത്തർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്ത്രീകൾക്ക് അകത്ത് വെച്ച് നമസ്കരിക്കാനുള്ള അവകാശം നൽകിയില്ലെങ്കിലും ചരിത്രസ്മാരകത്തിന്റെ അകം കാണാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്ന് അവർ കുറിച്ചു.
ഇത്തരത്തിൽ പള്ളിയിൽ പ്രവേശിക്കാൻ കഴിയാതെ പോയ അനുഭവങ്ങൾ പങ്കുവെച്ച് നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായെത്തിയ സുനിത വില്യംസ് ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണ് കുറ്റിച്ചിറ മിശ്കാൽ പള്ളിയിലെത്തിയത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നത്.