Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍
Minu Muneer: മീനു മുനീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു
Minu Muneer
Minu Muneer Arrested: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് ഇന്നലെയാണ് മീനു മുനീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മീനു മുനീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മീനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനു ശേഷം മീനുവിനെ ജാമ്യത്തില്‍ വിട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മീനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ രംഗത്തെത്തിയത്. 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ബാലചന്ദ്ര മേനോന്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നതായിരുന്നു മീനുവിന്റെ ആരോപണം. ബാലചന്ദ്ര മേനോനെതിരെ മീനു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 'ദേ ഇങ്ങോട്ട് നോക്കിയേ' സിനിമയുടെ സംവിധായകന്‍ ആണ് ബാലചന്ദ്ര മേനോന്‍.
മീനുവിന്റെ ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്ര മേനോന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. ഈ കേസിലാണ് ഇപ്പോള്‍ നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ബാലചന്ദ്ര മേനോന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആണുങ്ങള്‍ക്കും അന്തസുണ്ടെന്ന് പരാമര്‍ശിച്ചാണ് കോടതി ആവശ്യം അംഗീകരിച്ചത്. നടിയും അഭിഭാഷകനും ചേര്‍ന്ന് തന്നെയും ഭാര്യയെയും വിളിച്ച് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് തങ്ങള്‍ക്ക് മനസിലായിരുന്നു എന്നും ബാലചന്ദ്ര മേനോന്‍ ആരോപിച്ചിരുന്നു.
അതേസമയം മാധ്യമവാര്‍ത്തകളെ തള്ളി മീനു മുനീര്‍ രംഗത്തെത്തി. വാര്‍ത്തകള്‍ വ്യാജമാണെന്നും താന്‍ വീട്ടിലുണ്ടെന്നും മീനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.