വെഞ്ഞാറമൂട്|
Last Modified ചൊവ്വ, 21 ജൂലൈ 2015 (18:47 IST)
ആരോഗ്യ വകുപ്പ് മന്ത്രിയുടെ പി.എ., പൊലീസ് സൂപ്രണ്ട് എന്നീ പേരുകളില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനപ്പെട്ട മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളീമാനൂര്‍ വെങ്കിട്ടക്കാല സുമയ്യ മന്‍സിലില്‍ ഷിഹാബ് (50), നീലേശ്വരം കോട്ടപ്പുറം റംഹസീന മന്‍സിലില്‍ ആഷിക് (31), തലശേരി തില്ലങ്കരി പുത്തന്‍ പുരയില്‍ ഫൈസല്‍ (36) എന്നിവരാണ് വെഞ്ഞാറമൂട് പൊലീസിന്‍റെ വലയിലായത്.
വെഞ്ഞാറമൂട് സഗ്മ ജുവലറിയില്‍ നിന്ന് 72000 രൂപയുടെ ആഭരണങ്ങള്‍, ഓഗ് ടെക്സ്റ്റയില്‍സില്‍ നിന്ന് 12,000 രൂപയുടെ വസ്ത്രങ്ങള്‍, സണ്‍ സ്റ്റാര്‍ മൊബൈല്‍സില്‍ നിന്ന് 17000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവ ഇത്തരത്തിലാണ് സംഘം തട്ടിയെടുത്തത്.
പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കവേ കഴിഞ്ഞ ദിവസം വെമ്പായത്ത് ഒരു കടയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം നടക്കവേയാണു പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇവരില്‍ നിന്ന് സ്കോര്‍പ്പിയോ വാന്‍, പതിനൊന്നു ബാങ്ക് ചെക്കുകള്‍, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു.
വെള്ളറടയിലെ ഒരു കടയില്‍ നിന്ന് 4000 രൂപയുടെ മൊബൈല്‍ ഫോണ്‍, ചുള്ളീമാന്നൂരിലെ ഒരു കടയില്‍ നിന്ന് 48000 രൂപയുടെ ആഭരണങ്ങള്‍, ശ്രീകാര്യത്തെ ഒരു തുണിക്കടയില്‍ നിന്ന് 45000 രൂപയുടെ വസ്ത്രങ്ങള്‍, കാഞ്ഞിരപ്പള്ളിയിലെ ഒരു ജുവലറിയില്‍ നിന്ന് ആഭരണങ്ങള്‍ എന്നിവ തട്ടിയെടുത്തതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
വളരെ കുലീനമായ രീതിയില്‍ വസ്ത്രം ധരിച്ച് എത്തുന്ന സംഘം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം തരാന്‍ ആവശ്യപ്പെടും. എന്നാല്‍ ഈ സൌകര്യം ഇല്ലെന്ന് വരുന്നതോടെ തങ്ങള്‍ മന്ത്രിയുടെ
പി.എ അല്ലെങ്കില്‍ പൊലീസ് സൂപ്രണ്ട് എന്നൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ച് ചെക്ക് നല്‍കും. എന്നാല്‍ ചെക്ക് ക്ലീയറാകാതെ വരുമ്പോഴാണ് കടക്കാര്‍ തട്ടിപ്പ് അറിയുന്നത്.
തിരുവനന്തപുരം റൂറല്‍ എസ്.പി ഷഹിന്‍ അഹമ്മദിന്‍റെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് പ്രിന്‍സിപ്പല്‍ എസ്.ഐ റിയാസ് രാജ, എസ്.ഐ മാരായ മധുസൂദനന്‍, സിജു കെ എല്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.