കൊല്ലം|
Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (13:46 IST)
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടി പിന്‍വലിച്ചു.
കൊല്ലം ശൂരനാട് പൊലീസ് സ്‌റ്റേഷനിലെ എഎസ്ഐ നുക്വിദീന്‍, സിപിഒമാരായ ഹരിലാല്‍, രാജേഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പൊലീസുകാര്‍ക്കെതിരായ നടപടി വിവാദമായതോടെ ആണ് പുനപരിശോധയുണ്ടായത്.
പത്തനംതിട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തശേഷം കൊല്ലം ജില്ലയിലെ ശൂരനാട്ട് കനത്ത മഴയ്ക്കിടെ വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുംവഴിയാണ് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.
സമീപത്തെ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്ക് റോഡിലേക്ക് നീണ്ടതോടെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽപ്പെട്ടു. ഇതുവഴി എത്തിയ മന്ത്രിയുടെ വാഹനവും 20 മിനിറ്റോളം വഴിയില്‍ കുടുങ്ങി. ഉടന്‍ തന്നെ മന്ത്രിയുടെ ഗണ്‍മാന്‍ വീണ്ടും റൂറല്‍ എസ്.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.
സ്‌റ്റേഷനില്‍ നിന്നും രണ്ടു പൊലീസുകാര്‍ എത്തിയെങ്കിലും ഗതാഗതക്കുരുക്ക് നീക്കാനായില്ല. ശൂരനാട്ട് വെള്ളം കയറിയ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ റൂറല്‍ എസ്‌പിക്കൊപ്പം എസ് ഐ അടക്കമുള്ളവര്‍ പോയതോടെയാണ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടായത്.
എന്നാല്‍, സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. ഇത് വിവാദമായതോടെ ആണ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്.